സി. ഹരികുമാര്‍ മാധ്യമ പുരസ്കാരം റെജി ജോസഫിന്
Thursday, August 21, 2025 2:02 AM IST
പത്തനംതിട്ട: മാതൃഭൂമി സ്പെഷല്‍ കറസ്പോണ്ടന്റും പത്തനംതിട്ട പ്രസ് ക്ലബിന്റെ മുന്‍ പ്രസിഡന്റുമായിരുന്ന സി. ഹരികുമാറിന്റെ സ്മരണയ്ക്കായി പത്തനംതിട്ട പ്രസ്ക്ലബും സി. ഹരികുമാര്‍ സ്മാരക സമിതിയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുള്ള മാധ്യമ പുരസ്കാരത്തിന് ദീപിക കോട്ടയം ബ്യൂറോ ചീഫും പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റുമായ റെജി ജോസഫ് അര്‍ഹനായി.
25,000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് 13-ാമത് സി. ഹരികുമാര്‍ അനുസ്മരണ സമ്മേളനത്തില്‍ സമ്മാനിക്കുമെന്ന് പത്തനംതിട്ട പ്രസ് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
രാഷ്ട്രദീപികയില്‍ 2024 നവംബര്‍ 26 മുതല്‍ 28 വരെ പ്രസിദ്ധീകരിച്ച രാഷ്ട്രീയധൂര്ത്തിന്റെ പിന്നാമ്പുറം എന്ന ലേഖന പരമ്പരയ്ക്കാണ് അവാര്‍ഡ്. 1996 മുതല്‍ ദീപികയില്‍ പ്രവര്‍ത്തിക്കുന്ന റെജി ജോസഫിനു ലഭിക്കുന്ന 98 -ാമത്തെ മാധ്യമ പുരസ്കാരമാണിത്.