കേരള വ്യോമയാന ഉച്ചകോടി കൊച്ചിയില്‍
Thursday, August 21, 2025 2:02 AM IST
കൊച്ചി: വ്യോമയാനമേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും നവീകരണം പരിപോഷിപ്പിക്കുന്നതും ലക്ഷ്യമിട്ട് കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) ഫിക്കിയുടെ സഹകരണത്തോടെ പ്രഥമ കേരള വ്യോമയാന ഉച്ചകോടി സംഘടിപ്പിക്കുന്നു.
23,24 തീയതികളില്‍ താജ് കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഹോട്ടലിലാണു സമ്മേളനം. ഏവിയേഷന്‍ മേഖലയുടെ പ്രധാന ഹബ്ബായി കേരളം മാറുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കരട് വ്യോമയാന നയം തയാറാക്കിയിരുന്നു. വ്യോമയാന മേഖലയിലെ തന്ത്രപ്രധാന മാറ്റങ്ങള്‍, നയരൂപീകരണം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയവ സമ്മേളനം ചര്‍ച്ച ചെയ്യും.
23ന് രാവിലെ 9.30ന് സമ്മേളനത്തിന് തുടക്കമാകും. പരിപാടിയോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകള്‍ നടക്കും. വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉച്ചകോടി ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.
സിയാല്‍ എംഡി എസ്. സുഹാസ് പങ്കെടുക്കും. 24ന് ഉച്ചയ്ക്ക് 12ന് സമാപനസമ്മേളനം മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.