ഭൂപതിവു ചട്ട ഭേദഗതി ; പഠിക്കാൻ മാറ്റി
അടുത്തയാഴ്ചയിലെ മന്ത്രിസഭയിൽ വീണ്ടുമെത്തിയേക്കും
Thursday, August 21, 2025 2:02 AM IST
തിരുവനന്തപുരം: പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചതു ക്രമപ്പെടുത്തുന്ന ഭൂപതിവ് ചട്ട ഭേദഗതി ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് എത്തിയെങ്കിലും വിശദമായി പഠിച്ച ശേഷം മതിയെന്ന മന്ത്രിമാരുടെ അഭിപ്രായത്തത്തുടർന്നു മാറ്റിവച്ചു.
കാർഷിക ആവശ്യത്തിനു പതിച്ചു നൽകിയ ഭൂമിയിൽ നിർമിച്ച വാണിജ്യ കെട്ടിടങ്ങൾ അടക്കം ഫീസ് ഈടാക്കിയും അല്ലാതെയും പതിച്ചു നൽകുന്നതിനായി റവന്യു വകുപ്പ് തയാറാക്കിയ ഭൂപതിവു ചട്ട ഭേദഗതി മന്ത്രിസഭാ യോഗത്തിൽ എത്തിയപ്പോൾ കൂടുതൽ പഠിക്കണമെന്ന മന്ത്രിമാരുടെ അഭിപ്രായത്തെത്തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു. അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതു പരിഗണിക്കും.
കാർഷികാവശ്യങ്ങൾക്ക് അനുവദിച്ച പട്ടയഭൂമി വർഷങ്ങൾക്കുശേഷം കൈമാറുകയും ഉപജീവനത്തിനായി മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്ത സാഹചര്യമുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിൽ ശാലകൾ, വാണിജ്യകേന്ദ്രങ്ങൾ, മതപരമോ സാംസ്കാരികമോ വിനോദപരമോ ആയ സ്ഥാപനങ്ങൾ, പൊതു ഉപയോഗത്തിനുള്ള നിർമാണങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ആരോഗ്യകേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ, റോഡുകൾ, ക്വാറികൾ തുടങ്ങിയവയൊക്കെ പട്ടയഭൂമിയിൽ വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ഉപയോഗം ചട്ടലംഘനായി കണക്കാക്കുന്നത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിനു പരിഹാരമായാണ് ഭേദഗതി കൊണ്ടുവന്നത്.
ഇടുക്കി അടക്കമുള്ള ജില്ലകളിലെ ഭൂവിനിയോഗത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 1960 ലെ ഭൂപതിവ് നിയമം നേരത്തേ സർക്കാർ ഭേദഗതി ചെയ്തിരുന്നു. ഇതിന്റെ വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് പുതിയ ചട്ടങ്ങൾ റവന്യൂ വകുപ്പ് തയാറാക്കിയത്. ജീവിതോപാധിക്കായി പട്ടയഭൂമിയിൽ നടത്തിയിട്ടുള്ള ചെറുനിർമാണങ്ങളും കാർഷികാവശ്യത്തിനായി അനുവദിക്കപ്പെട്ട ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ക്രമീകരിക്കുകയാണ് ഭേദഗതി ലക്ഷ്യമിടുന്നത്.
1500 ചതുരശ്ര അടിക്കു മുകളിലുള്ള കെട്ടിടങ്ങൾ ക്രമപ്പെടുത്താൻ അഞ്ച് സ്ലാബ്
തിരുവനന്തപുരം: പട്ടയഭൂമിയിലെ 1500 ചതുരശ്ര അടിവരെയുള്ള നിർമാണം സൗജന്യമായി ക്രമപ്പെടുത്താമെന്നു ചട്ടഭേദഗതിയിൽ പറയുന്നു. ഈ പരിധി ഉയർത്തണമെന്ന ആവശ്യവും മന്ത്രിസഭ പരിഗണിച്ചേക്കും. ഇതിനു മുകളിൽ ചതുരശ്ര അടിയിലുള്ള കെട്ടിടങ്ങൾ ക്രമപ്പെടുത്താൻ അഞ്ചു സ്ലാബുകൾ ഉണ്ടാകും.
ഭൂമിയുടെ ന്യായവിലയുടെ 10 മുതൽ 100 ശതമാനം തുക ഫീസായി അടയ്ക്കേണ്ടിവരും. നിർമാണം ക്രമപ്പെടുത്താനുള്ള അപേക്ഷ ലഭിച്ചാൽ 90 ദിവസത്തിനകം ക്രമപ്പെടുത്തി നൽകണം. ഇല്ലെങ്കിൽ ഇവ ക്രമപ്പെടുത്തിയതായി കണക്കാക്കും.
ആശുപത്രികൾ, കാർഷികാവശ്യത്തിനുള്ള നിർമാണങ്ങൾ, ആരാധനാലയങ്ങൾ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവ സൗജന്യമായാകും ക്രമപ്പെടുത്തുക. ക്ലബ്ബുകൾ, രാഷ്ട്രീയ പാർട്ടികളുടെയും സമുദായ സംഘടനകളുടെയും ഓഫീസുകൾ എന്നിവയ്ക്ക് ഭൂമിയുടെ ന്യായവിലയുടെ ഒരു ശതമാനം ഫീസ് ഈടാക്കിയാകും ക്രമപ്പെടുത്തുക. തുടർന്നുള്ളവയ്ക്ക് വിവിധ സ്ലാബുകൾ നിശ്ചയിച്ചിട്ടുണ്ട്. 1500-3000 ചതുരശ്ര അടിവരെയുള്ളവ ക്രമപ്പെടുത്തുന്നതിന് ന്യായവിലയുടെ അഞ്ച് ശതമാനം കെട്ടിവയ്ക്കണം. 3000-5000 ചതുരശ്ര അടിവരെ 10 ശതമാനവും 5000-10,000 വരെ 20 ശതമാനവുമാണ് ഫീസ് ഈടാക്കുക.
പതിനായിരം ചതുരശ്ര അടി വരെയുള്ള നിർമാണങ്ങൾ ജില്ലാ കളക്ടർതന്നെയാകും ക്രമപ്പെടുത്തി ഉത്തരവ് നല്കുക. 10,000 -20000 ചതുരശ്ര അടിവരെയുള്ളവയ്ക്ക് 40 ശതമാനവും 20,000- 40,000 വരെ 50 ശതമാനവും ഫീസ് നൽകണം. ക്വാറികൾ പോലെയുള്ളവയ്ക്ക് ന്യായവില മുഴുവൻ കെട്ടിവയ്ക്കേണ്ടിവരും. ഇത്തരം അപേക്ഷകൾ ലാൻഡ് റവന്യു കമ്മീഷണറേറ്റിലാകും തീരുമാനമെടുക്കുക.