ലൈഫ് പദ്ധതി: സർക്കാർ ഗാരന്റിയോടെ വായ്പയെടുക്കാൻ അനുമതി
Thursday, August 21, 2025 2:02 AM IST
തിരുവനന്തപുരം: ലൈഫ് പദ്ധതി പ്രകാരം നിലവിൽ നിർമാണ പുരോഗതിയിലുള്ള 1,27,601 വീടുകൾക്ക് വായ്പാ വിഹിതം ലഭ്യമാക്കാൻ 1100 കോടി രൂപ സർക്കാർ ഗാരന്റിയോടെ ഹഡ്കോയിൽ നിന്ന് കെയുആർഡിഎഫ്സി മുഖേന വായ്പ എടുക്കാൻ മന്ത്രിസഭ തത്വത്തിൽ അനുമതി നൽകി.
ഇതോടൊപ്പം ലൈഫ് ലിസ്റ്റിൽ പട്ടികജാതി-വർഗ ഗുണഭോക്താക്കൾ കൂടുതലായി ഉൾപ്പെട്ടിട്ടുള്ള ഗ്രാമപഞ്ചായത്തുകളിലെ ഈ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക് ഭവന നിർമാണ ധനസഹായം അവദിക്കുന്നതിന് 400 കോടി രൂപ കൂടി വായ്പ എടുക്കാൻ അനുമതി നൽകും. ഇതുൾപ്പെടെ 1500 കോടി രൂപയാണ് ആകെ വായ്പ എടുക്കുക.
2025-26 ൽ 750 കോടി രൂപയും 2026-27ൽ 750 കോടി രൂപയും എന്ന രീതിയിലാണിത്. വായ്പയുടെ മുതൽ തിരിച്ചടവ് 15 വർഷം കൊണ്ട് തദ്ദേശ സ്ഥാപനങ്ങളുടെ വികസന ഫണ്ടിൽ നിന്നു കുറവു ചെയ്ത് കെയുആർഡിഎഫ്സി മുഖേന ഹഡ്കോയ്ക്ക് നൽകും. വായ്പയുടെ പലിശ സർക്കാർ ഓരോ വർഷവും ബജറ്റ് വിഹിതത്തിൽനിന്നും ഒടുക്കും.