ക്ഷമാപണ സന്ദേശമയച്ച് കോൺഗ്രസ് നേതാവ് ജീവനൊടുക്കി
Wednesday, August 20, 2025 2:22 AM IST
കാഞ്ഞങ്ങാട്: പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ള സുഹൃത്തുക്കളുടെ മൊബൈൽ ഫോണിലേക്കു ക്ഷമാപണ സന്ദേശം അയച്ചതിനുശേഷം കോൺഗ്രസ് നേതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) കാസർഗോഡ് ജില്ലാ പ്രസിഡന്റും ഹൊസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ വി.വി. സുധാകരനെ (61)യാണ് പടന്നക്കാട് മേൽപ്പാലത്തിനു താഴെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്.
“എല്ലാവരും എന്നോട് ക്ഷമിക്കണം.. മാപ്പ്’’ എന്ന സന്ദേശമാണ് തിങ്കളാഴ്ച രാത്രി സുധാകരന്റെ ഫോണിൽനിന്നു ഹൊസ്ദുർഗ് എസ്ഐ എം.ടി.പി. സെയ്ഫുദ്ദീൻ ഉൾപ്പെടെയുള്ളവർക്കു വാട്സാപ്പിൽ ലഭിച്ചത്. തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് സുധാകരനെ റെയിൽപാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഓട്ടോയും റെയിൽപാളത്തിനു സമീപമുണ്ടായിരുന്നു.
നീലേശ്വരം കൊട്രച്ചാൽ സ്വദേശിയാണ്. ഭാര്യ: പ്രീത. മക്കൾ: പൃഥ്വി, പ്രണവ്.