പാരാമെഡിക്കൽ വിദ്യാർഥികളുടെ പരാതി; പോലീസ് വിളിപ്പിച്ച ഉടമ ജീവനൊടുക്കിയ നിലയിൽ
Wednesday, August 20, 2025 1:54 AM IST
അഞ്ചൽ/കൊല്ലം: അംഗീകാരമില്ലാത്ത പാരാമെഡിക്കൽ കോഴ്സുകൾ നടത്തി കബളിപ്പിച്ചുവെന്ന വിദ്യാർഥികളുടെ പരാതിയിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിച്ച സ്ഥാപനമുടമ ജീവനൊടുക്കിയ നിലയിൽ.
കൊല്ലം കോളജ് ജംഗ്ഷനിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽസ് എന്ന സ്ഥാപനം നടത്തി വന്ന അമൽ ശങ്കറാ(46)ണ് ജീവനൊടുക്കിയത്. അമൽ ശങ്കറും ഭാര്യ രേഖാകുമാരിയും കോളജ് ജംഗ്ഷനിൽ വർഷങ്ങളായി വിദ്യാഭ്യാസസ്ഥാപനം നടത്തിവരികയാണ്. ഭാരത് സേവക് സമാജിന്റെ പരിശീലനകേന്ദ്രമെന്ന് അവകാശപ്പെട്ടിരുന്ന സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റിന് അംഗീകാരമില്ലെന്നാണ് പരാതി.
വിദ്യാർഥികൾ ഇന്റൺഷിപ്പിനും ജോലിക്കും ശ്രമിക്കുമ്പോൾ സ്ഥാപനങ്ങൾ തിരസ്ക്കരിക്കുകയായിരുന്നു. ലാബ് ടെക്നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ തുടങ്ങിയ കോഴ്സുകളാണ് പ്രധാനമായും സ്ഥാപനത്തിൽ നടത്തി വന്നിരുന്നത്.
സർട്ടിഫിക്കറ്റുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ചെന്നൈയിലുള്ള ചില വിദ്യാർഥികളുടെ വിവരങ്ങളാണ് ഉണ്ടായിരുന്നത്. തുടർന്നു വിദ്യാർഥികൾ സ്ഥാപനത്തിലെത്തി ബഹളംവെച്ചു. അവർ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതിയും നൽകി. സ്ഥാപന ഉടമകളെയും വിദ്യാർഥികളെയും തിങ്കളാഴ്ച സ്റ്റേഷനിൽ ചർച്ചയ്ക്കായി വിളിച്ചെങ്കിലും അമൽ ശങ്കർ മാത്രം എത്തിയിരുന്നില്ല.
രേഖയെയും സ്ഥാപനത്തിന്റെ കൊച്ചിയിൽനിന്നുള്ള പ്രതിനിധികളെയും പോലീസ് ചോദ്യംചെയ്യുന്നതിനിടെ അമലിനോട് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു.എന്നാൽ പിന്നീട് വാളകം അറയ്ക്കലിൽ ഭാര്യ വീടായ രേഖാമന്ദിരത്തിൽ അമലിനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൈദരാബാദിൽ എൽഎൽബി വിദ്യാർഥിയായ അഭിറാം ശങ്കർ മകനാണ്.
നിരവധി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നും നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലന്നും ബാര്ക്കോഡില് വന്ന പ്രശ്നമാണെന്നും അമല്‍ ശങ്കര്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും ഭാര്യ രേഖ പറയുന്നു.
സ്ഥാപനം രണ്ടുപേര്‍ ചേര്‍ന്നാണ് നടത്തിവരുന്നത്. പങ്കാളിയായ നെവില്‍ ഡാനിയേല്‍ എന്നുപറയുന്ന ആളുടെ ഭാര്യയാണ് സ്ഥാപനത്തിലെ പ്രിന്‍സിപ്പല്‍.
ഫീസ് ഇനത്തില്‍ തുക വാങ്ങുന്നതുള്‍പ്പടെയുള്ള സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇവരാണ്. സ്ഥാപനത്തില്‍ നിന്നും അമല്‍ ശങ്കറിനെ പുറത്താക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
ഇതിന്റെ ഭാഗമാണ് ഇപ്പോഴുള്ള വ്യാജ ആരോപണങ്ങളും കേസുമെന്ന് രേഖ വ്യക്തമാക്കി. അഞ്ചല്‍ പോലീസ് മേല്‍നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.