പിതാവിന്റെ സ്കൂട്ടറിൽനിന്നു വീണ രണ്ടാം ക്ലാസ് വിദ്യാർഥിനി ബസ് കയറി മരിച്ചു
Tuesday, August 19, 2025 2:54 AM IST
കൊഴിഞ്ഞാമ്പാറ: പിതാവിനോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്കു പോകവേ റോഡിൽ തെറിച്ചുവീണ രണ്ടാം ക്ലാസ് വിദ്യാർഥിനി ബസിനടിയിൽപ്പെട്ടു മരിച്ചു.
പഴനിയാർപാളയം സബീറലി- ആയിഷ ദന്പതികളുടെ മകൾ നഫീസത്ത് മിസ്രിയ (ഏഴു വയസ്) ആണ് മരിച്ചത്.
കൊഴിഞ്ഞാന്പാറ സെന്റ് പോൾസ് സ്കൂൾ വിദ്യാർഥിനിയാണ്. പാലക്കാട്-പൊള്ളാച്ചി പാതയിൽ ഇന്നലെ രാവിലെ ഒന്പതിനു സ്കൂളിനു സമീപത്തുവച്ചാണു നടുക്കുന്ന അപകടമുണ്ടായത്.
സ്കൂട്ടറിനു മുന്നിൽ പോയിരുന്ന ഓട്ടോറിക്ഷ പെട്ടെന്നു നിർത്തിയതാണ് അപകടത്തിനു കാരണമായതെന്നു വെളിവാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
സ്കൂട്ടർ ഓട്ടോയിൽ ഇടിക്കാതിരിക്കാൻ സബീറലി വലത്തോട്ടു വെട്ടിച്ചെങ്കിലും നിയന്ത്രണംവിട്ടു മറിഞ്ഞു. തെറിച്ചുവീണ നഫീസത്ത് മിസ്രിയയുടെ ശരീരത്തിലൂടെ പിന്നാലെയെത്തിയ സ്വകാര്യബസ് കയറിയിറങ്ങുകയായിരുന്നു. ഉടനെ തൊട്ടടുത്ത ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊഴിഞ്ഞാമ്പാറ പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സ്വകാര്യ ബസ് ഡ്രൈവർക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. നഫീസത്ത് മിസ്രിയയുടെ മരണത്തിൽ മന്ത്രി വി. ശിവന്‍കുട്ടി അനുശോചിച്ചു.