മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും
Tuesday, August 19, 2025 2:04 AM IST
കൊച്ചി: യുവഡോക്ടറെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ റാപ്പര്‍ വേടന് എന്ന ഹിരണ്‍ ദാസ് മുരളി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കക്ഷിചേരാനുള്ള പരാതിക്കാരിയുടെ അപേക്ഷ ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് അംഗീകരിച്ചു. വേടനെതിരേ കൂടുതല്‍ പരാതികള്‍ മറ്റ് യുവതികള്‍ നല്‍കിയിട്ടുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും ആദ്യ പരാതിക്കാരി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് തെളിവ് നല്കാന് പരാതിക്കാരിയോട് നിര്‍ദേശിച്ച് ഹര്‍ജി ഇന്ന് പരിഗണിക്കാന്‍ മാറ്റിയത്.
ഡോക്ടറായ യുവതി നല്കിയ പരാതിയില്‍ തൃക്കാക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് വേടന്റെ മുൻകൂർ ജാമ്യഹർജി. താന്‍ നിരപരാധിയാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
ആരാധികയെന്ന നിലയില്‍ വേടനെ പരിചയപ്പെട്ട താനുമായി ബന്ധം വളര്‍ത്തുകയും വിവാഹ വാഗ്ദാനം നല്കി പല വട്ടം പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.
2021നും 2023നുമിടയില്‍ കോഴിക്കോട്ടെ തന്റെ വീട്ടില്‍ വച്ചും പിന്നീട് എറണാകുളത്ത് ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചു. വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്.