നീറിപ്പുകഞ്ഞ് സിപിഎം കത്ത് വിവാദം ; എല്ലാ തെളിവും കൈയിലുണ്ട്: ഷര്‍ഷാദ്
Tuesday, August 19, 2025 2:54 AM IST
കണ്ണൂര്‍: സിപിഎമ്മിലെ കത്ത് വിവാദം അസംബന്ധമാണെന്ന് എം.വി. ഗോവിന്ദന് പറഞ്ഞത് മകനോടു ചോദിച്ചിട്ടാണോ എന്ന് പരാതിക്കാരനും കണ്ണൂര്‍ ന്യൂമാഹി സ്വദേശിയും ചെന്നൈ വ്യവസായിയുമായ മുഹമ്മദ് ഷര്‍ഷാദ്. എം.വി. ഗോവിന്ദന്റെ മകന് ശ്യാംജിത്തുമായി നടത്തിയ വാട്സാപ്, ഇ-മെയില്‍, ടെക്സ്റ്റ് മെസേജുകളെല്ലാം കൈയിലുണ്ട്. പിന്നെയെങ്ങനെ അസംബന്ധമാകും.
ഞാനും മകനും തമ്മിൽ ബന്ധമില്ലെന്നു പറയാന്‍ എം.വി. ഗോവിന്ദനു സാധിക്കില്ല. ശ്യാം മുഖേനയാണു വ്യവസായിയും സിപിഎം സഹയാത്രികനുമായ രാജേഷ് കൃഷ്ണ എന്റെ കുടുംബത്തിലേക്കു വന്നുകയറിയത്. പ്രശ്നങ്ങളുണ്ടായപ്പോള്‍ ശ്യാമിനെയാണ് ബന്ധപ്പെട്ടത്. എന്നാല്‍, അന്ന് ശ്യാം ഒഴിഞ്ഞുമാറി. രാജേഷ് കൃഷ്ണയുടെ നിയന്ത്രണത്തിലാണ് ശ്യാം നിലനിൽക്കുന്നത്.
പാര്‍ട്ടി സെക്രട്ടറിയുടെ മകന് എന്ന നിലയിലുള്ള ബന്ധം സിപിഎമ്മില്‍ ശ്യാമിനുണ്ട്. തളിപ്പറമ്പില്‍ എം.വി. ഗോവിന്ദ ന്റെ മണ്ഡലത്തില്‍ നടത്തിയ ഹാപ്പിനെസ് ഫെസ്റ്റുമായി ബന്ധപ്പെട്ട് ശ്യാമിനെതിരേ ചില ആരോപണങ്ങള്‍ ഉണ്ടെന്നു പാര്‍ട്ടിയിലെ ചിലര്‍ കഴിഞ്ഞ ദിവസം തന്നോടു പറഞ്ഞുവെന്നും ഷര്‍ഷാദ് അറിയിച്ചു.
കത്ത് വിവാദം പുറത്തുവന്നതിനു പിന്നാലെ സിപിഎമ്മിലെ നിരവധി നേതാക്കള്‍ എന്നെ ബന്ധപ്പെട്ടിരുന്നു. രാജേഷ് കൃഷ്ണയ്ക്കു പി. ശശിയുമായും തോമസ് ഐസക്കുമായും നല്ല ബന്ധമാണുള്ളത്.
കേരളത്തിലെ പല നേതാക്കളുടെയും സാമ്പത്തിക കാര്യങ്ങള്‍ നോക്കുന്നത് രാജേഷ് കൃഷ്ണയാണ്. അയാളുടെ പെട്ടെന്നുള്ള വളര്‍ച്ചയ്ക്കു പിന്നിലും ഇതാണെന്നും ഷര്‍ഷാദ് പറഞ്ഞു. കണ്ണൂരിലെ വീട്ടിലുണ്ടായിരുന്ന ഷര്‍ഷാദ് ഇന്നലെ രാവിലെ പത്തിനു ചെന്നൈയിലേക്കു മടങ്ങി.