നെല്ല് സംഭരണത്തിൽ കേന്ദ്രം 2601 കോടി നൽകാനുണ്ടെന്ന് മന്ത്രി ജി.ആർ. അനിൽ
Tuesday, August 19, 2025 2:54 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കർഷകരിൽനിന്നു നെല്ലു സംഭരിച്ച വകയിൽ കേന്ദ്രസർക്കാർ നൽകാനുള്ളത് 2601 കോടി രൂപയെന്നു മന്ത്രി ജി.ആർ. അനിൽ.
2017-18 സാന്പത്തിക വർഷം മുതൽ 2024 വരെ നെല്ലു സംഭരിച്ച വകയിൽ 1259 കോടിയും 2024-25 വർഷത്തിൽ കർഷകരിൽനിന്നു സംഭരിച്ച നെല്ലിന്റെ താങ്ങുവിലയായ (എംഎസ്പി) 1342 കോടിയും ഉൾപ്പെടെയാണിത്. 2017-18 മുതൽ കേന്ദ്രവിഹിതം ലഭിക്കാത്തതിനാൽ സംസ്ഥാനത്തിനു വലിയ സാന്പത്തിക ബാധ്യതയാണു നേരിടേണ്ടി വരുന്നതെന്നും മന്ത്രി പറഞ്ഞു.
കർഷകർക്കു നെല്ലിന്റെ വില പൂർണമായും സംസ്ഥാന സർക്കാർ നൽകുകയാണ്. കിലോയ്ക്ക് 23 രൂപയാണ് കേന്ദ്രം നൽകുന്ന താങ്ങുവില. 5.20 രൂപ പ്രോത്സാഹന ബോണസായി (എസ്ഐബി) സംസ്ഥാന സർക്കാരും നൽകുന്നു.
ഇതു രണ്ടും ചേർന്നാണു രാജ്യത്തെ ഏറ്റവും ഉയർന്ന വിലയായ 28.20 സംസ്ഥാനത്തെ കർഷകർക്കു ലഭിക്കുന്നത്. മൂന്നു മാസം കൂടുന്പോൾ (ക്വാർട്ടർ) ക്ലെയിമുകൾ കേന്ദ്ര സർക്കാരിനു നൽകുന്ന പതിവ് നിലവിലുണ്ടായിരുന്നു. മുൻകൂർ തുക അനുവദിക്കുന്നതിനുള്ള വ്യവസ്ഥയുമുണ്ടായിരുന്നു.
നടപ്പുസംഭരണ വർഷം മുതൽ ഈ വ്യവസ്ഥയ്ക്കു പകരം പ്രതിമാസം ക്ലെയിം നൽകാമെന്നു വ്യവസ്ഥ ചെയ്തു. ഇതുപ്രകാരം ഏപ്രിൽ, മേയ് മാസങ്ങളിലെ 159 കോടി രൂപയുടെ ക്ലെയിം നൽകിയെങ്കിലും അതും കേന്ദ്രം അനുവദിച്ചില്ല.
ഈ സംഭരണ വർഷം കർഷകർക്കു നൽകേണ്ട 1645 കോടി രൂപയിൽ 1285 കോടി രൂപയും വിതരണം ചെയ്തു. ബാക്കിയുള്ള 359.36 കോടി രൂപ ഓണത്തിനു മുന്‍പു നൽകും. 2024-25ലെ ഒന്നാം വിളയിൽ 57,529 കർഷകരിൽനിന്നായി 1.45 ലക്ഷം ടണ്‍ നെല്ലും രണ്ടാം വിളയിൽ 1,49,615 കർഷകരിൽനിന്നായി 4.35 ലക്ഷം ടണ്‍ നെല്ലുമാണു സംഭരിച്ചത്.
2025-26 സാന്പത്തിക വർഷത്തിൽ വകയിരുത്തിയ 606 കോടി രൂപയും കർഷകർക്കു സംഭരണ വില നൽകാനായി ഉപയോഗപ്പെടുത്തി. ഇതിൽ 190 കോടി മാത്രമാണു ബാക്കിയുള്ളത്.
പ്രോത്സാഹന ബോണസ് നൽകുന്നതിനുവേണ്ടി വകയിരുത്തിയ തുക കർഷകർക്കു സംഭരണ വില പൂർണമായും നൽകാൻ ഉപയോഗപ്പെടുത്തേണ്ട സ്ഥിതിയാണു നിലവിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.