വേളാങ്കണ്ണി തീര്‍ഥാടകര്‍ക്കായി സ്പെഷല്‍ ട്രെയിന്‍ സര്‍വീസ്
Tuesday, August 19, 2025 2:04 AM IST
കൊല്ലം: വേളാങ്കണ്ണി തീര്‍ഥാടകരുടെ തിരക്ക് ഒഴിവാക്കാന്‍ ദക്ഷിണ റെയില്‍വേ എറണാകുളത്തു നിന്നും തിരുവനന്തപുരത്തുനിന്നും താഴെപ്പറയുന്ന രണ്ടു പ്രത്യേക ട്രെയിൻ സർവീസുകൾ നടത്താന്‍ തീരുമാനിച്ചു. എറണാകുളം -കോട്ടയം -പുനലൂര്‍ വഴി ഒരു ട്രെയിനും തിരുവനന്തപുരം നാഗര്‍കോവില്‍ വഴി മറ്റൊരു ട്രെയിനുമാണ് അനുവദിച്ചിരിക്കുന്നത്.
മുന്‍കാലങ്ങളില്‍ എറണാകുളം- കോട്ടയം- പുനലൂര്‍ വഴിയുള്ള ട്രെയിനുകള്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാല്‍ തെക്കന്‍ കേരളത്തിലെ തീര്‍ഥാടകര്‍ക്കു വേളാങ്കണ്ണിയിലേക്കു കൂടുതല്‍ സൗകര്യപ്രദമായി യാത്ര ചെയ്യുന്നതിനായി തിരുവനന്തപുരം ഭാഗത്തുനിന്നും പ്രത്യേക സര്‍വീസ് ആരംഭിക്കണമെന്നു കേരളത്തിലെ എംപിമാര്‍ റെയില്‍വേ മന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ പുതിയ സര്‍വീസ് കൂടി അനുവദിച്ചിരിക്കുന്നത്.
ട്രെയിന്‍ നമ്പര്‍. 060661/06062 എറണാകുളം ജംഗ്ഷന്- വേളാങ്കണി- എറണാകുളം ജംഗ്ഷന് പ്രതിവാര എക്സ്പ്രസ് സ്പെഷലും ട്രെയിന്‍ നമ്പര്‍. 06115/06116 തിരുവനന്തപുരം സെന്‍ട്രല്‍ - വേളാങ്കണി - തിരുവനന്തപുരം സെന്‍ട്രല്‍ പ്രതിവാര എക്സ്പ്രസ് സ്പെഷല്‍ ട്രെയിനുകളാണ് അനുവദിച്ചത്. എറണാകുളത്തുനിന്നും മൂന്നു സര്‍വീസും തിരുവനന്തപുരത്തുനിന്നും രണ്ട് സര്‍വീസുമാണ് ക്രമീകരിച്ചിരിക്കുന്നത്.
എറണാകുളം ജംഗ്ഷന് - വേളാങ്കണ്ണി എക്സ്പ്രസ് സ്പെഷല്‍ (ട്രെയിന്‍ നമ്പര്‍ 06061) എറണാകുളം ജംഗ്ഷനില്‍നിന്നും 27, സെപ്റ്റംബര്‍ മൂന്ന്, പത്ത് തീയതികളില്‍ (ബുധനാഴ്ച) രാത്രി 11.50നു പുറപ്പെട്ടു പിറ്റേന്ന് ( വ്യാഴം) ഉച്ചകഴിഞ്ഞ് 3.15ന് വേളാങ്കണിയില്‍ എത്തിച്ചേരും.
തിരിച്ചുള്ള യാത്ര വേളാങ്കണ്ണി - എറണാകുളം ജംഗ്ഷന് എക്സ്പ്രസ് സ്പെഷല്‍ (ട്രെയിന്‍ നമ്പര്‍ 06062) 28, സെപ്റ്റംബര്‍ നാല്, സെപ്റ്റംബര്‍ പതിനൊന്ന് (എല്ലാ വ്യാഴാഴ്ചകളിലും) വൈകുന്നേരം 6.40 ന് വേളാങ്കണ്ണിയില്‍നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.55 ന് എറണാകുളം ജംഗ്ഷനില്‍ എത്തും.
ട്രെയിന്‍ നമ്പര്‍ 06115 തിരുവനന്തപുരം സെന്‍ട്രല്‍ - വേളാങ്കണി പ്രതിവാര എക്സ്പ്രസ് സ്പെഷല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്നും 27, സെപ്റ്റംബര്‍ മൂന്ന് (ബുധന്‍) ഉച്ചകഴിഞ്ഞ് 3.25 നു പുറപ്പെട്ടു പിറ്റേന്ന് പുലര്‍ച്ചെ 3.55നു വേളാങ്കണിയില്‍ എത്തിച്ചേരും.
മടക്കയാത്രയില്‍ ട്രെയിന്‍ നമ്പര്‍. 06116 : വേളാങ്കണിയില്‍ നിന്നും 28, സെപ്റ്റംബര്‍ നാല് (വ്യാഴം) രാത്രി 7.30നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55ന് (വെള്ളി) തിരുവനന്തപുരത്ത് എത്തിച്ചേരും.