സിബിഎസ്ഇ ക്ലസ്റ്റര്‍ 11 അത്ലറ്റിക് മീറ്റിന് നാളെ തുടക്കം
Tuesday, August 19, 2025 2:04 AM IST
കൊച്ചി: 29-ാമത് സിബിഎസ്ഇ ക്ലസ്റ്റര്‍ 11 അത്ലറ്റിക് മീറ്റ് നാളെയും മറ്റന്നാളുമായി എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തില്‍ നടക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളിലെ 1,800 വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമാലാദിത്യ ഉള്‍പ്പെടെയുള്ള വിശിഷ്ടവ്യക്തികളും വിദ്യാര്‍ഥികളും പങ്കെടുക്കുന്ന ലഹരിക്കെതിരായ ബോധവത്കരണ കൂട്ടയോട്ടത്തോടെയാണ് മീറ്റിനു തുടക്കം കുറിക്കുക.
നാളെ രാവിലെ 10ന് എന്‍സിസി കേരള ബറ്റാലിയന് കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ വിക്രാന്ത് അധികാരി പതാക ഉയര്‍ത്തും.ജനറല്‍ കണ്‍വീനര്‍ ഡോ. ഇന്ദിര രാജന് അധ്യക്ഷത വഹിക്കും. സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ ദീപശിഖ കൈമാറും.
എറണാകുളം റേഞ്ച് ഐജി സതീഷ് ബിനോ ഉദ്ഘാടനം ചെയ്യും. സിബിഎസ്ഇ റീജണല്‍ ഡയറക്ടര്‍ രാജീവ് ബര്‍വ, ഭാരതീയ വിദ്യാഭവന് കൊച്ചി കേന്ദ്രം ഡയറക്ടര്‍ ഇ.രാമന്‍കുട്ടി വാര്യര്‍ എന്നിവര്‍ പ്രസംഗിക്കും.
പെരുമ്പാവൂര്‍ പ്രഗതി അക്കാഡമിയാണ് ക്ലസ്റ്റര്‍ അത്ലറ്റിക് മീറ്റിന് ആതിഥ്യം വഹിക്കുന്നത്. ക്ളസ്റ്റര്‍ മത്സര വിജയികള്‍ക്ക് സിബിഎസ്ഇ ദേശീയ അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ അവസരമൊരുങ്ങും.