വെളിച്ചെണ്ണയ്ക്ക് വില കുറയും: മന്ത്രി അനിൽ
Tuesday, August 19, 2025 2:35 AM IST
തിരുവനന്തപുരം : ഓണത്തിനു മുന്പായി വെളിച്ചെണ്ണയ്ക്ക് ഇനിയും വില കുറയുമെന്ന് മന്ത്രി ജി.ആർ. അനിൽ. സപ്ലൈകോ പ്രതിനിധികളുമായി ഇന്നു നടത്തുന്ന ചർച്ചയിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.
നിലവിൽ സപ്ലൈകോ വഴി ലഭ്യമാകുന്ന വെളിച്ചെണ്ണയുടെ സബ്സിഡി നിരക്ക് ലിറ്ററിന് 349 രൂപയാണ്. 429 രൂപയാണു സബ്സിഡിയിതര നിരക്ക്. ഈ രണ്ടു നിരക്കും എത്രത്തോളം കുറയ്ക്കാൻ കഴിയുമെന്നു ചർച്ച ചെയ്യും. തുടർന്ന് പുതിയ വില പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
കേര വെളിച്ചെണ്ണയ്ക്ക് നിലവിൽ 529 രൂപയാണ്. 457 രൂപയ്ക്കാണു സപ്ലൈകോയിൽ നൽകുന്നത്. ഇനിയും വില കുറയ്ക്കും. സ്വകാര്യ കച്ചവടക്കാരെപ്പോലെ അന്നന്നു വില കുറയ്ക്കാനാകില്ല. മായം കലർന്ന വെളിച്ചെണ്ണ വിൽപ്പന നടത്തുന്ന കന്പനികൾക്കെതിരേ ഭക്ഷ്യവകുപ്പും ആരോഗ്യ വകുപ്പും ശക്തമായ പരിശോധന നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.