ഡോ. ജി. വേണുഗോപാല്‍ അന്തരിച്ചു
Monday, August 18, 2025 3:08 AM IST
തിരുവനന്തപുരം: ആദ്യ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ നേതൃത്വം നല്കിയ യൂറോളജിസ്റ്റ് കൊച്ചുള്ളൂര്‍ ഉത്രാടത്തില് ഡോ. ജി. വേണുഗോപാല്‍ (67) അന്തരിച്ചു. ചങ്ങനാശേരി മോര്‍കുളങ്ങര സ്വദേശിയാണ്.
കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പട്ടം മുറിഞ്ഞ പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെ ഏഴിനായിരുന്നു അന്ത്യം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 2012 സെപ്റ്റംബറില്‍ മരണാനന്തര അവയവദാനത്തിലൂടെ ചിറയിന്‍കീഴ് സ്വദേശിയായ 12 വയസുള്ള ഒരു കുട്ടിക്കാണ് കൊല്ലം സ്വദേശിയായ 62കാരിയുടെ വൃക്ക മാറ്റിവച്ചത്. തുടര്‍ന്ന് അദ്ദേഹം നൂറിലധികം ശസ്ത്രക്രിയകള്‍ നടത്തി. കേരളത്തില്‍ ആദ്യമായി വൃക്ക രോഗങ്ങള്‍ക്ക് കീഹോള്‍ സര്‍ജറി നടത്തിയതും ഡോ. വേണുഗോപാലാണ്. യൂറോളജി വിഭാഗം മേധാവിയായിരിക്കേ 2020-ല്‍ സര്‍വീസില്‍ നിന്നു വിരമിച്ചു.
ഭാര്യ: ഡോ. ബി. അരുണ (റിട്ട. ഗൈനക്കോളജിസ്റ്റ്, ആരോഗ്യ വകുപ്പ്). മകന്: അരവിന്ദ് വരുണ്‍ (ഐക്യുവിഐഎ, ബംഗളൂരു). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒന്‍പതിന്.