ജെയ്നമ്മയുടെ കൊലപാതകം; ശശികലയുടെ വെളിപ്പെടുത്തൽ വെല്ലുവിളി
Sunday, August 17, 2025 1:49 AM IST
കോട്ടയം: അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയുടെ കൊലപാതകത്തില്‍ മാത്രമല്ല, കാണാതായ ചേര്‍ത്തല സ്വദേശിനി ബിന്ദു പദ്മനാഭന്റേതുള്പ്പെടെയുള്ള തിരോധാനത്തിലും പള്ളിപ്പുറം ചൊങ്ങുംതറയില്‍ സി.എം. സെബാസ്റ്റ്യനു പങ്കുള്ളതായ വെളിപ്പെടുത്തലുകള്‍ ക്രൈം ബ്രാഞ്ചിന് വെല്ലുവിളിയായി.
സ്ഥലവും നിക്ഷേപവും ഉള്‍പ്പെടെ മൂന്നു കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന ബിന്ദുവിനെ സ്ഥലക്കച്ചവട ബ്രോക്കറായിരിക്കെ സെബാസ്റ്റ്യന്‍ കൊല ചെയ്ത് സ്വത്ത് കൈക്കലാക്കിയെന്നും പോലീസിലെ ഉന്നതര്‍ക്ക് പണം കൊടുത്ത് അന്വേഷണം ഒഴിവാക്കിയെന്നുമുള്ള സഹോദരന്റെ ആരോപണം ശരിവയ്ക്കുന്ന വെളിപ്പെടുത്തലാണ് സെബാസ്റ്റ്യന്റെ പഴയ സുഹൃത്ത് ശശികല കഴിഞ്ഞ ദിവസം നടത്തിയത്.
13 വര്‍ഷം മുമ്പുനടന്ന സംഭവത്തില്‍ അക്കാലത്ത് ലോക്കല്‍ പോലീസില്‍നിന്ന് കാര്യമായ അന്വേഷണമുണ്ടായില്ല. ബിന്ദുവിനെ കാണാനില്ലെന്ന സഹോദരന്റെ പരാതിയില്‍ സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും കേസ് തേഞ്ഞുമാഞ്ഞുപോയി.
ജെയ്നമ്മയുടെ കൊലപാതകത്തില്‍ രണ്ടു തവണയായി 14 ദിവസം ജുഡീഷല്‍ കസ്റ്റഡിയില്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തെങ്കിലും സെബാസ്റ്റ്യന്‍ ഒന്നും വെളിപ്പെടുത്താന്‍ തയാറായില്ല. ജെയ്നമ്മ ഉള്‍പ്പെടെ നാലു സ്ത്രീകളെ ക്വട്ടേഷന്‍ സംഘത്തെ വരുത്തി കൊലചെയ്ത് മൃതദേഹം മറവു ചെയ്തതായാണു സൂചന.
ജെയ്നമ്മയെ കൊലപ്പെടുത്തി 11 പവന് സ്വര്‍ണം കവര്‍ന്നത് സമ്മതിക്കുന്നുണ്ടെങ്കിലും മൃതദേഹം എവിടെ മറവു ചെയ്തുവെന്ന് പ്രതി ക്രൈം ബ്രാഞ്ച് സംഘത്തോടു പറയുന്നില്ല. നിലവിലെ സാഹചര്യത്തില്‍ പ്രതിയെ ഇടവേളയില്ലാതെ മൂന്നാം തവണയും ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടുക എളുപ്പമല്ല. ബിന്ദു, ഐഷ എന്നിവരുടെ തിരോധാനം അന്വേഷിക്കുന്ന ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കുമെന്നാണു സൂചന.
പോലീസ് അന്വേഷണം തുടങ്ങി
കോട്ടയം: ബിന്ദു പദ്മനാഭനെ സെബാസ്റ്റ്യൻ കൊലപ്പെടുത്തിയതാണെന്ന് സെബാസ്റ്റ്യന്റെ മുന്‍ സുഹൃത്ത് കടക്കരപ്പള്ളി സ്വദേശി ശശികല കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലില്‍ പോലീസ് അന്വേഷണം തുടങ്ങി.
സ്ഥലം ബ്രോക്കറായി ചേര്‍ത്തലയിലെത്തിയ സെബാസ്റ്റ്യന്റെ കൂട്ടാളി ഫ്രാങ്ക്ളിന്, പൊന്നപ്പന് എന്നിവരുടെ വെളിപ്പെടുത്തലുകളാണ് ശശികല പുറത്തുവിട്ടത്. ഈ സാഹചര്യത്തില്‍ ഫ്രാങ്ക്ളിനെയും പൊന്നപ്പനെയും കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്. ആലപ്പുഴ ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം ശശികലയുടെ മൊഴിയെടുത്തിരുന്നു.
ബിന്ദു പദ്്മനാഭന് ജീവിച്ചിരിപ്പില്ലെന്നും അവരെ ""നേരത്തേ തന്നെ നല്ല ആണ്പിള്ളേര് കൊന്നു കളഞ്ഞു'' എന്നും സെബാസ്റ്റ്യന്റെ കൂട്ടാളികള്‍ പറഞ്ഞതായാണ് ശശികലയുടെ വെളിപ്പെടുത്തല്‍.
2013ല്‍ ബിന്ദുവിന്റെ തിരോധാനം വാര്‍ത്തയായ കാലത്താണ് ഈ സംഭാഷണം. വസ്തു ഇടനിലക്കാരനായ ഫ്രാങ്ക്ളിനും ബിന്ദുവുമായി അടുപ്പമുണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പള്ളിപ്പുറത്തെ വീട്ടിലെ കുളിമുറിയില്‍ വച്ചു തലയ്ക്കടിച്ചു ബിന്ദുവിനെ കൊലപ്പെടുത്തിയിട്ടുണ്ടാകാം എന്നാണ് ശശികല പറയുന്നത്.