മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിന്റെ ചുമതല ഒഴിയണം: ചെന്നിത്തല
Sunday, August 17, 2025 1:49 AM IST
കോഴിക്കോട്: വിജിലന്‍സ് അന്വേഷണറിപ്പോര്‍ട്ടില്‍ എഡിജിപി അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്കിയ വിഷയത്തില്‍ വിജിലന്‍സ് കോടതിയുടെ നിശിത വിമര്‍ശനത്തിനിരയായ മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.
വിജിലന്‍സ് മാനുവലിനു വിരുദ്ധമായി പ്രവര്‍ത്തിക്കുകയും അധികാരമില്ലാതിരിക്കേതന്നെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഇടപെട്ട് ആരോപണവിധേയനായ സ്വന്തക്കാരനായ ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കുകയും ചെയ്യുന്ന അസാധാരണ നടപടിയാണു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സാധാരണ ഗതിയില്‍ വിജിലന്‍സ് പ്രവര്‍ത്തിക്കുന്നത് വിജിലന്‍സ് മാനുവല്‍ അനുസരിച്ചാണ്. വിജിലന്‍സിന്റെ ചുമതലയുള്ള മന്ത്രിയും പ്രവര്‍ത്തിക്കേണ്ടത് ഇതേ വിജിലന്‍സ് മാനുവല്‍ അനുസരിച്ചാണ്. ഈ മാനുവല്‍ അനുസരിച്ച് അജിത്കുമാറിനെതിരേയുള്ള കേസ് വിജിലന്‍സ് അന്വേഷിച്ചു കഴിഞ്ഞാല്‍ ആ റിപ്പോര്‍ട്ട് സമര്പ്പിക്കണ്ടതു കോടതിയിലാണ്.
കോടതി പരിശോധിച്ചശേഷമാണ് മേല്‍നടപടികള്‍ ഉണ്ടാകേണ്ടത്. വിജിലന്‍സിന്റെ ചുമതലയുള്ള ആഭ്യന്തരമന്ത്രിക്ക് അഡ്മിനിസ്ട്രേറ്റീവ് ആയ കാര്യങ്ങളില്‍ മാത്രമേ ഇടപെടാന്‍ അധികാരമുള്ളൂ. കേസുകളില്‍ ഇടപെടാന്‍ അധികാരമില്ല. ക്ലീന്‍ ചിറ്റ് നല്‍കാനും അധികാരമില്ല. ഇതിനു കടകവിരുദ്ധമായി അജിത് കുമാറിനെ കുറ്റവിമുക്തനാക്കാനുള്ള ധൃതിയാണു മുഖ്യമന്ത്രി നടത്തിയത്.
മുഖ്യമന്ത്രിയുടെ നോട്ടോടുകൂടിയ ഫയലാണ് വിജിലന്‍സ് കോടതിയില്‍ പ്രോസിക്യൂട്ടര്‍ അവതരിപ്പിച്ചത്. ഇതേത്തുടര്‍ന്നാണ് ജഡ്ജി അതിശക്തമായി വിമര്‍ശനം നടത്തിയത്. കോടതി പരാമര്‍ശത്തിന്റെ പേരില്‍ നിരവധി മന്ത്രിമാര്‍ കേരളത്തില്‍ രാജിവച്ചിട്ടുണ്ട്. വഞ്ചിയൂര്‍ വിജിലന്‍സ് കോടതി നല്കിയ അതിനിശിതമായ വിമര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയുകയാണു വേണ്ടത്.
അജിത് കുമാറിനെതിരേയുള്ള പരാതിയില്‍ പരാതിക്കാരനെ പോലും വിളിച്ചു വരുത്തി മൊഴിയെടുത്തില്ല. മറിച്ച്, അനുകൂലമായി മൊഴി നല്‍കുന്നവരെ മാത്രം വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് താന്‍ പി.വി. അന്‍വറുമായി ചര്‍ച്ച നടത്തിയതെന്ന് അജിത് കുമാര്‍ മൊഴിയില്‍ പറയുന്നുണ്ട്.
ആര്‍എസ്എസ് നേതാക്കളെ മുഖ്യമന്ത്രിക്കുവേണ്ടി കണ്ട് ചര്‍ച്ച ചെയ്തതും ബിജെപിയെ ജയിപ്പിക്കാന്‍ തൃശൂര്‍ പൂരം കലക്കിയതും ഇതേ അജിത്കുമാര്‍ തന്നെയാണ്. ഇതൊക്കെ ചെയ്തത് മുഖ്യമന്ത്രിക്കു വേണ്ടിയായതു കൊണ്ടാകണം അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്കാന് തന്റെ അധികാരപരിധിക്കു പുറത്തുള്ള അധികാരം മുഖ്യമന്ത്രി ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു.