അറ്റ്ഹോം: മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതിൽ ഗവർണർക്ക് അതൃപ്തി; പ്രതിഷേധത്തിനില്ല
Sunday, August 17, 2025 1:49 AM IST
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ ഗവർണർ രാജ്ഭവനിൽ ഒരുക്കിയ അറ്റ് ഹോം പരിപാടി ബഹിഷ്കരിച്ച മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നിലപാടിൽ ഗവർണർക്ക് അതൃപ്തി.
സ്വാതന്ത്ര്യദിനത്തിൽ രാജ്ഭവനിൽ ഒരുക്കിയ അറ്റ്ഹോമിൽ പങ്കെടുക്കാൻ എത്താതിരുന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ ഗവർണർ ആർ.വി. അർലേക്കറിന് അതൃപ്തിയുണ്ടെങ്കിലും പരസ്യമായി പ്രകടിപ്പിക്കാനില്ല. ഇതിന്റെ പേരിൽ സർക്കാരിനു കത്തു നൽകുന്നത് അടക്കമുള്ള ഒരു തരത്തിലുള്ള നടപടിയും വേണ്ടതില്ലെന്നാണു രാജ്ഭവന്റെ തീരുമാനം.
ഗവർണറും സർക്കാരും തമ്മിലുള്ള പോര് രൂക്ഷമായി നിന്ന ആരിഫ് മുഹമ്മദ് ഖാന്റെ കാലത്തും അറ്റ് ഹോം പരിപാടി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ബഹിഷ്കരിച്ചിട്ടുണ്ടെന്നാണ് രാജ്ഭവൻ വൃത്തങ്ങൾ പറയുന്നത്. അതിനാൽ ഇപ്പോഴത്തെ സംഭവത്തിനു പുതുമയില്ല. തത്കാലം ഈ വിഷയം തള്ളിക്കളയാനാണു തീരുമാനം.
സ്വതന്ത്ര്യദിനത്തിൽ വൈകുന്നേരം സംസ്ഥാനത്തെ പ്രമുഖർക്ക് രാജ്ഭവനിൽ വിരുന്നൊരുക്കുന്നതാണ് അറ്റ് ഹോം പരിപാടി. അറ്റ് ഹോം പരിപാടിക്ക് രാജ്ഭവൻ ചോദിച്ച തുക സർക്കാർ അനുവദിച്ചിരുന്നു.
സർവകലാശാല വൈസ് ചാൻസലർ നിയമനം അടക്കമുള്ള വിഷയങ്ങളിലും, രാജ്ഭവനിൽ സംഘടിപ്പിക്കുന്ന പൊതുചടങ്ങുകളിൽ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കുന്നതിലും ഗവർണറും സർക്കാരും തമ്മിൽ പോര് നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രിസഭ ഒന്നാകെ പരിപാടി ബഹിഷ്കരിച്ചത്.
എന്നാൽ, കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടിയിൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ അടക്കമുള്ള ഉദ്യോഗസ്ഥ പ്രമുഖർ പങ്കെടുത്തിരുന്നു.