ഭരണഘടനാ അവകാശ സംരക്ഷണ ദിനാചരണം
Friday, August 15, 2025 12:24 AM IST
കൊച്ചി: ഭരണഘടന പ്രദാനം ചെയ്യുന്ന അവകാശങ്ങളുടെ സംരക്ഷണദിനമായി ഇന്ന് ആചരിക്കുമെന്ന് കെആർഎൽസിസി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ മിഷണറിമാർക്കെതിരേയും സ്ഥാപനങ്ങൾക്കെതിരേയും വർധിച്ചുവരുന്ന ആക്രമണങ്ങൾ വലിയ ആശങ്കയും ഭീതിയും വളർത്തുകയാണ്. ഈ ആക്രമണങ്ങൾക്ക് ഭരണകൂടങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ നൽകുന്നത് ഖേദകരമാണ്.
ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും മൗലിക അവകാശങ്ങളും നിരന്തരം നിരാകരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണു ഭരണഘടനാ അവകാശദിനമായി ആചരിക്കുന്നത്.
ഇടവകകളിൽ രാവിലെ ദേശീയപതാക ഉയർത്തുകയും ഭരണഘടനയുടെ ആമുഖം വായിച്ച് ഏറ്റുചൊല്ലുകയും ചെയ്യും. കെഎൽസിഎയും മറ്റു സാമൂഹിക സമുദായ സംഘടനകളും അല്മായ ശുശ്രൂഷാ സമിതിയും ബിസിസി കേന്ദ്രസമിതിയും ഇതിനു നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.