സർവീസ് ചട്ടങ്ങളും കോടതിവിധിയും മറികടന്ന് ; വനംവകുപ്പിൽ ആശ്രിത നിയമനം
Thursday, August 14, 2025 1:36 AM IST
ജോണ്സണ് വേങ്ങത്തടം
കൊല്ലം: സംസ്ഥാന സര്‍വീസിലെ ക്ലറിക്കല്‍ തസ്തികകളില്‍ അഞ്ചു ശതമാനത്തിനു മുകളില്‍ ആശ്രിത നിയമനം പാടില്ലെന്ന ചട്ടം മറികടന്നു വനം വകുപ്പില്‍ 37 ശതമാനം പേർ ആശ്രിത നിയമനം നേടി. വിദ്യാഭ്യാസം, സര്‍വേ, ആരോഗ്യം തുടങ്ങിയ വകുപ്പുകളില്‍നിന്നുമുള്ള ആശ്രിത നിയമനക്കാർ പോലും വനംവകുപ്പില്‍ കയറിക്കൂടിയിട്ടുണ്ട്.
മറ്റു വകുപ്പുകള്‍ ആശ്രിതനിയമനം അഞ്ചുശതമാനത്തില്‍ ഉറപ്പിക്കുമ്പോള്‍ മറ്റുള്ള വകുപ്പുകളില്‍നിന്നുള്ളവരെ വനംവകുപ്പിലേക്ക് നിയമിച്ചതാണ് ശതമാനം കൂടാൻ കാരണമായിരിക്കുന്നത്. ഇതു കൂടാതെ സ്ഥിരം ജീവനക്കാരല്ലാത്തവരുടെ ആശ്രിതര്‍ക്കുപോലും വനംവകുപ്പില്‍ ആശ്രിതനിയമനം ലഭിച്ചിട്ടുണ്ട്. ഭരണപക്ഷപാർട്ടി ബന്ധമുണ്ടെങ്കിൽ ആർക്കും ആശ്രിത നിയമനം ലഭിക്കുമെന്നതിന്റെ ഉദാഹരണമാണിത്.
ഇതേസമയം, വനംവകുപ്പില്‍ അഞ്ചുശതമാനത്തിനു മുകളില്‍ ആശ്രിത നിയമനം ലഭിച്ചവരെ രണ്ടുമാസത്തിനകം സൂപ്പര്‍ ന്യൂമററി ആക്കണമെന്ന ഹൈക്കോടതിവിധി വന്നിട്ട് എട്ടുമാസമായെങ്കിലും നടപടി സ്വീകരിക്കാന്‍ വനംവകുപ്പിനു വിമുഖതയാണ്. 2024 ഡിസംബര്‍ 13നാണ് കോടതി വിധി വന്നത്.
നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷവും ആശ്രിതനിയമനത്തിലൂടെ വനംവകുപ്പില്‍ പ്രതിഷ്ഠിക്കപ്പെട്ടവരാണ്. മിനിസ്റ്റീരിയല്‍ വിഭാഗത്തിലെ ഉയര്‍ന്ന തസ്തികയായ സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയില്‍ ഒമ്പതില്‍ ഒമ്പതുപേരും ആശ്രിത നിയമനം ലഭിച്ചവരാണ്.
തൊട്ടുതാഴെയുള്ള അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയില്‍ 12ല്‍ 11നും ആശ്രിത നിയമനമാണ്. ഒരാള്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ നിയമനം ലഭിച്ചയാളും. ഇതോടെ പിഎസ് സിയിലൂടെ നിയമനം ലഭിച്ചവരില്‍ ഭൂരിപക്ഷവും ആശ്രിത നിയമനക്കാരുടെ കീഴില്‍ പ്രമോഷനില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയിലാണ്.
വനംവകുപ്പ് മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ 60 മുതല്‍ 70 ശതമാനംവരെ ആശ്രിത നിയമനം നടന്നിരുന്നെന്നാണ് പിഎസ് സി വഴി സര്‍വീസില്‍ കയറിയ ജീവനക്കാരുടെ ആക്ഷേപം. ഇതിനെതിരേ അവര്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് മുന്‍പാകെ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഇത്തരം നിയമനങ്ങള്‍ സംവരണവ്യവസ്ഥ അട്ടിമറിക്കുന്നെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം.
18 വയസ് കഴിയുന്ന മുറയ്ക്ക് ആശ്രിതനിയമനം നല്കുന്നതിനാല് പിഎസ്സി പരീക്ഷ എഴുതി സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് അര്‍ഹമായ സ്ഥാനക്കയറ്റം ലഭിക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.