ജമ്മു കാഷ്മീരിൽ മേഘവിസ്ഫോടനം 46 മരണം
Friday, August 15, 2025 1:34 AM IST
ജമ്മു: ജമ്മു കാഷ്മീരിലെ കിഷ്ത്വാർ ജില്ലയിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ രണ്ടു സിഐഎസ്എഫ് ജവാന്മാർ ഉൾപ്പെടെ 46 പേർ മരിച്ചു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിനും ഒന്നിനും ഇടയിൽ വിദൂര പർവതഗ്രാമമായ ചോസിതിയിൽ ആയിരുന്നു ദുരന്തമുണ്ടായത്. എൻഡിആർഎഫ്, പോലീസ്, കരസേന, എസ്ഡിആർഎഫ് സംഘങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നു. ഇതുവരെ 167 പേരെ രക്ഷപ്പെടുത്തി. ഇവരിൽ അന്പതോളം പേരുടെ നില ഗുരുതരമാണ്. നിരവധി പേരെ കാണാതായി.
വർഷംതോറുമുള്ള മചായിൽ മാതാ യാത്രയിൽ പങ്കെടുക്കാനായി നൂറുകണക്കിനാളുകൾ ചോസിതിയിൽ എത്തിയിരുന്നു. തീർഥാടകർക്കായി ഒരുക്കിയ സമൂഹ അടുക്കളയിൽ നിരവധി ആളുകൾ ഉണ്ടായിരുന്ന സമയത്താണു മേഘവിസ്ഫോടനവും തുടർന്ന് മിന്നൽപ്രളയവുമുണ്ടായത്.
പ്രളയത്തിൽ വൻ നാശനഷ്ടമാണുണ്ടായത്. ഒരു സെക്യൂരിറ്റി ഔട്ട്പോസ്റ്റും നിരവധി വീടുകളും കടകളും തകർന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. അപകടത്തെത്തുടർന്ന് മചായിൽ മാതാ തീർഥാടനകേന്ദ്രത്തിലേക്കുള്ള യാത്ര നിർത്തിവച്ചു.
തീർഥാടനകേന്ദ്രത്തിലേക്കു വാഹനത്തിൽ എത്താവുന്ന അവസാന പോയിന്റ് ചോസിതി (ചിസോതി) ആണ്. ഇവിടെനിന്ന് 9,500 അടി ഉയരത്തിലാണു തീർഥാടനകേന്ദ്രം. ജൂലൈ 25ന് ആരംഭിച്ച തീർഥാടനം സെപ്റ്റംബർ അഞ്ചിനാണ് അവസാനിക്കുക.
ഉത്തരാഖണ്ഡിലെ ധരാലി ഗ്രാമത്തിൽ മിന്നൽപ്രളയം വൻ നാശം വിതച്ചതിന്റെ ഒന്പതാം ദിവസമാണ് കാഷ്മീരിലും ദുരന്തമുണ്ടായത്. ധരാലിയിൽ നാലു പേരാണ് മരിച്ചത്. 68 പേരെ ഇനിയും കണ്ടെത്താനുണ്ട്.
ഹിമാചലിൽ മിന്നൽപ്രളയം
സിംല: ഹിമാചൽപ്രദേശിലെ വിവിധ ജില്ലകളിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ വൻ നാശം. നൂറുകണക്കിനു വീടുകൾ തകർന്നു. വാഹനങ്ങൾ ഒഴുകിപ്പോയി. സംസ്ഥാനത്ത് 472 റോഡുകൾ അടച്ചു. സിംല. കുളു, കിന്നൗർ, ലഹൗൽ ആൻഡ് സ്പിതി ജില്ലകളിലാണ് മേഘവിസ്ഫോടനമുണ്ടായത്.