ശിക്ഷാ കാലാവധി പൂർത്തിയാക്കിയ തടവുകാരെ മോചിപ്പിക്കണമെന്ന് സുപ്രീംകോടതി
Wednesday, August 13, 2025 1:51 AM IST
ന്യൂഡൽഹി: ശിക്ഷാ കാലാവധി പൂർത്തിയാക്കിയ തടവുകാർ മറ്റു കേസുകളിൽ ശിക്ഷ അനുഭവിക്കേണ്ടതില്ലെങ്കിൽ അത്തരക്കാരെ എത്രയും വേഗം മോചിപ്പിക്കണമെന്ന് സുപ്രീംകോടതി.
ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ഏതെങ്കിലും തടവുകാർ ജയിലിൽ കഴിയുന്നുണ്ടോയെന്നു പരിശോധിക്കാനും അത്തരത്തിൽ ആരെങ്കിലുമുണ്ടെങ്കിൽ വേഗം വിട്ടയയ്ക്കാനുള്ള നടപടി സ്വീകരിക്കാനും ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി.
ശിക്ഷാ കാലാവധി അവസാനിച്ചിട്ടും ജയിലിൽ കഴിയുന്ന തടവുകാരെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണു കോടതി ഉത്തരവ്.
2002 ഫെബ്രുവരി 17ന് ഡൽഹിയിലെ ബിസിനസ് എക്സിക്യൂട്ടാവായിരുന്ന നിതീഷ് കാട്ടറയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട സുഖ്ദേവ് യാദവ് എന്നയാൾക്ക് 20 വർഷം തടവുശിക്ഷ പൂർത്തിയാക്കിയ ഈ വർഷം മാർച്ചിൽ മോചനം ലഭിക്കേണ്ടതായിരുന്നു.
എന്നാൽ, ശിക്ഷാ കാലാവധി പൂർത്തിയായിട്ടും ഇതുവരെ പ്രതിയെ മോചിപ്പിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഉത്തരവ്. ഇ ത്തരത്തിലുള്ള കുറ്റവാളികൾ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ തുടരുന്നുണ്ടോയെന്നു പരിശോധിച്ച് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.