കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു
Tuesday, August 12, 2025 3:01 AM IST
ഗൂഡല്ലൂർ: ഓവാലി പഞ്ചായത്തിലെ ന്യൂഹോപ്പ് എസ്റ്റേറ്റിൽ തോട്ടം തൊഴിലാളി കാട്ടാന ആക്രമണത്തിൽ കൊ ല്ലപ്പെട്ടു. മണി (63) ആണ് മരിച്ചത്.
ഇന്നലെ രാവിലെ പത്തിനാണു സംഭവം. എസ്റ്റേറ്റിലെ ഏലക്കാട്ടിൽ ജോലിയെടുക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ കാട്ടാന ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ഓടാൻ കഴിയാതിരുന്ന മണിയെ കാട്ടാന കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പൊൻജയശീലൻ എംഎൽഎയുടെ നേതൃത്വത്തിൽ ന്യൂഹോപ്പിൽ റോഡ് ഉപരോധിച്ചു. മൃതദേഹം വിട്ടുനൽകാതെയായിരുന്നു സമരം.
ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചർച്ച നടത്തിയശേഷം ഉച്ചയ്ക്ക് രണ്ടോടെയാണ് മൃതദേഹം ആശുപത്രിയിലേക്കു മാറ്റാൻ നാട്ടുകാർ അനുവദിച്ചത്.
ഗൂഡല്ലൂർ-പന്തല്ലൂർ താലൂക്കുകളിൽ കാട്ടാനശല്യം രൂക്ഷമായിരിക്കുകയാണ്. പത്ത് വർഷത്തിനിടെ 140 മനുഷ്യജീവനുകളാണ് കാട്ടാനയുടെ ആക്രമണത്തിൽ പൊലിഞ്ഞത്. കേരളത്തിലെ ഷൊർണൂരിൽനിന്നു വർഷങ്ങൾക്ക് മുന്പ് ഓവാലിലെ ന്യൂഹോപ്പ് എസ്റ്റേറ്റിൽ കുടിയേറിയ ആളാണു മണി.