വോട്ടർപട്ടികയിൽ വിവാദ പരാമർശം; കർണാടക മന്ത്രി രാജണ്ണയെ പുറത്താക്കി
Tuesday, August 12, 2025 3:14 AM IST
ബംഗളൂരു: വോട്ടർപട്ടിക ക്രമക്കേടിൽ കോൺഗ്രസിനെതിരേ വിവാദ പരാമർശം നടത്തിയതിന്റെ പേരിൽ കർണാടക സഹകരണ മന്ത്രി കെ.എൻ. രാജണ്ണയെ മുഖ്യമന്ത്രി സിദ്ധരാമയ്യ പുറത്താക്കി. കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശപ്രകാരമാണ് ഇദ്ദേഹത്തെ പുറത്താക്കിയത്.
രാജണ്ണയുടെ രാജി ഗവർണർ തവർചന്ദ് ഗെഹ്ലോട്ട് സ്വീകരിച്ചു. മഹാദേവ നിയമസഭാ മണ്ഡലത്തിലെ വോട്ടുകൊള്ളയുടെ പേരിൽ കോൺഗ്രസ് സർക്കാരിനെ കുറ്റപ്പെടുത്തിയതാണ് രാജണ്ണയ്ക്കു മന്ത്രിസ്ഥാനം നഷ്ടമാകാൻ കാരണം.
കോൺഗ്രസ് അധികാരത്തിലിരിക്കവേയാണ് വോട്ടുകൊള്ള നടന്നതെന്നും കൃത്യസമയത്ത് അതു തടയാൻ കഴിഞ്ഞില്ലെന്നുമായിരുന്നു രാജണ്ണയുടെ പ്രസ്താവന. മന്ത്രിയുടെ പ്രസ്താവന പ്രതിപക്ഷം ഏറ്റെടുക്കുകയും നിയമസഭയിലടക്കം ഉന്നയിക്കുകയും ചെയ്തു.
രാജണ്ണയെ പുറത്താക്കണമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടിരുന്നു. പാർട്ടിയെ അപമാനിച്ച രാജണ്ണയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ചില കോൺഗ്രസ് നേതാക്കൾ കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാലയ്ക്കു പരാതി നൽകിയിരുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉറ്റ അനുയായി ആണ് രാജണ്ണ. സെപ്റ്റംബറിൽ സർക്കാരിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് ഏതാനും നാൾ മുന്പ് രാജണ്ണ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.
രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്ത രാജണ്ണയെ മുഖ്യമന്ത്രി സിദ്ധാരമയ്യപുറത്താക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.