"വോട്ട് ചോരി’കാന്പയിന് തുടക്കമിട്ട് കോൺഗ്രസ്
സ്വന്തം ലേഖകൻ
Monday, August 11, 2025 3:25 AM IST
ന്യൂഡൽഹി: വോട്ട് കൊള്ള ആരോപണം രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്നതിന് "വോട്ട് ചോരി’വെബ്സൈറ്റ് ആരംഭിച്ചു കോണ്‍ഗ്രസ്. രാഹുലിന്റെ ആരോപണം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനും ചർച്ചയാക്കാനുമാണ് കോണ്‍ഗ്രസിന്റെ പുതിയ കാന്പയിൻ. രാഹുലിന്റെ വെളിപ്പെടുത്തലിൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തു പിന്തുണ നൽകാൻ സാധിക്കും.
തെരഞ്ഞെടുപ്പു കമ്മീഷന്റെ സുതാര്യത ജനങ്ങൾക്കു വെബ്സൈറ്റിലൂടെ ആവശ്യപ്പെടാം. വോട്ട് കൊള്ളയ്ക്കെതിരേ രാഹുൽ ആഹ്വാനം ചെയ്യുന്ന വീഡിയോയും വെബ്സൈറ്റിൽ ലഭ്യമാണ്. ഇതോടൊപ്പം വോട്ട് മോഷണവുമായി ബന്ധപ്പെട്ട അനുഭവം വെബ്സൈറ്റ് സന്ദർശിക്കുന്നവർക്കുണ്ടെങ്കിൽ അത് പങ്കുവയ്ക്കാനുള്ള അവസരവുമുണ്ട്.
വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവർക്ക്"താൻ വോട്ട് കവർച്ചയ്ക്കെതിരായി നിലകൊള്ളുന്നു’ എന്നു വ്യക്തമാക്കുന്ന സാക്ഷ്യപത്രം ലഭിക്കും. "തെരഞ്ഞെടുപ്പു കമ്മീഷനിൽനിന്ന് ഡിജിറ്റൽ വോട്ടർ പട്ടിക ലഭ്യമാകണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യത്തെ ഞാൻ പിന്തുണയ്ക്കുന്നു’ എന്നും സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന മൊബൈൽ നന്പർ ഉപയോഗിച്ചു രജിസ്റ്റർ ചെയ്യുന്നതിനും അവസരമുണ്ട്.