ക്രൈസ്തവർക്കെതിരേ പ്രകോപന പ്രസംഗം: ബിജെപി എംഎൽഎയ്ക്കെതിരേ ഹർജി
Saturday, August 9, 2025 3:10 AM IST
മുംബൈ: ക്രൈസ്തവർക്കെതിരേ നിരന്തരം പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്ന മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎയ്ക്കെതിരേ നടപടി ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. ബിജെപി എംഎൽഎ ഗോപിചന്ദ് പദാൽക്കർക്കെതിരേയാണു താനെ സ്വദേശിയായ ആക്ടിവിസ്റ്റ് മെൽവിൻ ഫെർണാണ്ടസ് പൊതുതാത്പര്യ ഹർജി നൽകിയത്.
ഏറ്റവുമൊടുവിൽ കഴിഞ്ഞ ജൂൺ ആറിന് ജൽനയിൽ ഒരു സ്ത്രീ ആത്മഹത്യ ചെയ്ത സംഭവത്തെ ക്രൈസ്തവരുമായി ബന്ധപ്പെടുത്തി സാംഗ്ലിയിലെ കുപ്വാഡിൽ ജൂൺ 17ന് എംഎൽഎ നടത്തിയ പ്രസംഗമാണു പരാതിക്ക് ആധാരം.
റാലിയിൽ പ്രസംഗിക്കവെ ക്രൈസ്തവർക്കെതിരേ അത്യന്തം പ്രകോപനപരവും വിദ്വേഷം നിറഞ്ഞതുമായ പ്രസ്താവന നടത്തിയ എംഎൽഎ, യുവതി മരിച്ചത് വൈദികർ നിർബന്ധിത മതപരിവർത്തനം മൂലമാണെന്നുവരെ പറഞ്ഞുവച്ചു.
എംഎൽഎ നടത്തിയ വർഗീയവിഷം ചീറ്റുന്ന പ്രസംഗത്തിന്റെ ഓഡിയോയും പരാതിക്കൊപ്പം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. മതപരിവർത്തനം നടത്തുന്ന വൈദികരെ കൊല്ലണമെന്നും വൈദികരെ ആക്രമിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്നുമുള്ള പദാൽക്കറുടെ പ്രസ്താവന വിവാദമായതിനെത്തുടർന്ന് മുംബൈയിലടക്കം മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
സാമുദായിക ഐക്യത്തിനും പൊതുക്രമത്തിനും മതേതര ധാർമികതയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്ന പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതിന് വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, മതത്തെ അടിസ്ഥാനമാക്കി ശത്രുത വളർത്തൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, സ്ത്രീകൾക്കെതിരായ ആക്രമണം, മനഃപൂർവം സമാധാനലംഘനം, 2023ലെ ഭാരതീയ ന്യായ സംഹിതയിലെ മറ്റു പ്രസക്തമായ വ്യവസ്ഥകൾ എന്നിവപ്രകാരം എംഎൽഎയ്ക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സംസ്ഥാനത്തോടു നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതി ഇങ്ങനെ...
നിരന്തരം പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്ന എംഎൽഎ ക്രിസ്ത്യൻ സമുദായത്തെ മനഃപൂർവം താറടിച്ചുകാണിക്കുകയാണ്. പ്രതിഷേധമുയർന്നിട്ടും അദ്ദേഹത്തിന്റെ വർഗീയ പ്രസംഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിട്ടും സ്വമേധയാ കേസെടുക്കാൻ പോലീസ് തയാറായില്ലെന്നും മെൽവിൻ ഫെർണാണ്ടസ് പൊതുതാത്പര്യ ഹർജിയിൽ ചൂണ്ടിക്കാട്ടി.
എംഎൽഎയുടെ പ്രസ്താവനകൾ സാമ്പത്തികമായും സാമൂഹികമായും ദുർബലരായ വ്യക്തികളെ തീവ്രവാദത്തിലേക്കു നയിക്കാനും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരേ ആൾക്കൂട്ട ആക്രമണത്തിനു പ്രേരിപ്പിക്കാനും സാമുദായിക ഐക്യം തകർക്കാനും ഇടവരുത്തുമെന്നും പരാതിയിൽ പറയുന്നു.