തർക്കം പരിഹരിക്കാനെത്തിയ എസ്എസ്ഐ വെട്ടേറ്റു മരിച്ചു
Thursday, August 7, 2025 2:24 AM IST
തിരുപ്പൂർ(തമിഴ്നാട്): ഗുഡിമംഗലം ഉദുമൽപേട്ടിൽ മദ്യലഹരിയിലായിരുന്ന പിതാവും സഹോദരങ്ങളും തമ്മിലുള്ള തർക്കം പരിഹരിക്കാനെത്തിയ സ്പെഷൽ സബ് ഇൻസ്പെക്ടർ വെട്ടേറ്റു മരിച്ചു.
ഗുഡിമംഗലം സ്റ്റേഷനിലെ എം. ഷൺമുഖവടിവേൽ (57)ആണു കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 11നാണു കേസിനാസ്പദമായ സംഭവം.
എസ്എസ്ഐ കൊല്ലപ്പെട്ടതിനു പിന്നാലെ എസ്എസ്ഐക്കൊപ്പമുണ്ടായിരുന്ന ആംഡ് റിസർവ് കോൺസ്റ്റബിൾ അഴകുരാജ പ്രാണരക്ഷാർഥം ഓടി രക്ഷപ്പെട്ടു.
പോലീസ് ജീപ്പ് അടിച്ചുതകർത്തശേഷം ഒളിവിൽ പോയ പ്രതികളായ മൂർത്തി, മക്കളായ മണികണ്ഠൻ, തങ്കപാണ്ഡ്യൻ എന്നിവരെ പിടികൂടാൻ ആറംഗ പോലീസ് സംഘം തെരച്ചിൽ ആരംഭിച്ചു. മൂവരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്.