രാഹുലിനെതിരായ സുപ്രീംകോടതി പരാമർശം;വിയോജിപ്പ് രേഖപ്പെടുത്തി ഇന്ത്യ മുന്നണി
Wednesday, August 6, 2025 1:39 AM IST
ന്യൂഡൽഹി: ചൈനീസ് കടന്നുകയറ്റത്തെയും ഇന്ത്യൻ സൈന്യത്തെയും കുറിച്ചു പരാമർശം നടത്തിയ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച സുപ്രീംകോടതി നിരീക്ഷണത്തിൽ രോഷം പ്രകടിപ്പിച്ച് പ്രതിപക്ഷ ഇന്ത്യ മുന്നണി.
രാഷ്ട്രീയപാർട്ടികളുടെ ജനാധിപത്യ അവകാശങ്ങളെ ഹനിക്കുന്ന അസാധാരണ നിരീക്ഷണമാണു തിങ്കളാഴ്ച സുപ്രീംകോടതി ജഡ്ജിമാർ നടത്തിയതെന്ന് ഇന്ത്യ മുന്നണിയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. ജഡ്ജിമാരുടെ അഭിപ്രായത്തോട് എല്ലാ നേതാക്കളും വിയോജിപ്പ് രേഖപ്പെടുത്തിയതായി എഐസിസി വാർത്തക്കുറിപ്പിൽ അറിയിച്ചു.
ദേശീയ താത്പര്യമുള്ള വിഷയങ്ങളിൽ അഭിപ്രായം പറയേണ്ടതു രാഷ്ട്രീയപാർട്ടികളുടെ, പ്രത്യേകിച്ച് പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്വമാണ്. രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിൽ ഒരു സർക്കാർ പരാജയപ്പെടുന്പോൾ അതു ചൂണ്ടിക്കാട്ടേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. പ്രതിപക്ഷനേതാവിന്റെ ഭാഗത്തുനിന്ന് അത്തരമൊരു സമീപനമാണുണ്ടായതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ആരാണ് യഥാർഥ ഇന്ത്യക്കാരനെന്നു തീരുമാനിക്കാൻ കോടതിക്കാകില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി ചൂണ്ടിക്കാട്ടി.
ചോദ്യങ്ങൾ ചോദിക്കുകയും സർക്കാരിനെ വെല്ലുവിളിക്കുകയും ചെയ്യുകയെന്നതു പ്രതിപക്ഷ നേതാവിന്റെ കടമയാണ്. തന്റെ സഹോദരൻ ഏറ്റവുമധികം ബഹുമാനിക്കുന്ന ഒന്നാണ് ഇന്ത്യൻ സൈന്യം. രാഹുലിന്റെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചെന്നും പ്രിയങ്ക പ്രതികരിച്ചു.
പാർലമെന്റിനു പുറത്ത് ദേശതാത്പര്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും ചോദിക്കുന്പോൾ പ്രതിപക്ഷത്തെ ദേശവിരുദ്ധരായി പ്രഖ്യാപിക്കുന്നുവെന്ന് കോണ്ഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു. പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിനു സർക്കാരിന് ഉത്തരമില്ല. യഥാർഥ ഇന്ത്യക്കാരൻ എന്നതിന്റെ നിർവചനം ആരാണു നൽകുകയെന്നും അദ്ദേഹം ചോദിച്ചു.
2022ൽ ഭാരത് ജോഡോ യാത്രയ്ക്കിടെ സൈന്യത്തെക്കുറിച്ചു നടത്തിയ പരാമർശത്തിന്റെ പേരിൽ ലക്നോ കോടതിയിൽ രാഹുൽ ഗാന്ധിക്കെതിരായ നടപടികൾ തിങ്കളാഴ്ച സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
എന്നാൽ രാഹുലിന്റെ പ്രസ്താവനയ്ക്കെതിരേ ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. രാഹുൽ ഒരു യഥാർഥ ഇന്ത്യക്കാരനാണെങ്കിൽ ഇത്തരമൊരു പരാമർശം നടത്തില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ വാക്കാലുള്ള വിമർശനം.