ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ 2025 സീ​​സ​​ണ്‍ കൊ​​ടു​​മ്പി​​രി​​കൊ​​ണ്ടി​​രി​​ക്കു​​ന്ന സ​​മ​​യം. ഐ​​പി​​എ​​ല്ലി​​നു​​ശേ​​ഷം ഇം​​ഗ്ല​​ണ്ടി​​ലേ​​ക്കു​​ള്ള ഇ​​ന്ത്യ​​ന്‍ ടെ​​സ്റ്റ് ടീ​​മി​​നെ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​നു​​ള്ള ച​​ര്‍​ച്ച​​ക​​ള്‍ പി​​ന്നാ​​മ്പു​​റ​​ങ്ങ​​ളി​​ല്‍ സ​​ജീ​​വം.

ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ അ​​ഞ്ച് മ​​ത്സ​​ര പ​​ര​​മ്പ​​ര​​യോ​​ടെ വി​​രാ​​ട് കോ​​ഹ്‌​ലി​​യും രോ​​ഹി​​ത് ശ​​ര്‍​മ​​യും ടെ​​സ്റ്റി​​ല്‍​നി​​ന്നു വി​​ര​​മി​​ച്ചേ​​ക്കു​​മെ​​ന്ന അ​​ഭ്യൂ​​ഹ​​വും അ​​ന്ത​​രീ​​ക്ഷ​​ത്തി​​ലു​​ണ്ട്. എ​​ന്നാ​​ല്‍, മേ​​യ് ഏ​​ഴി​​ന് ഏ​​വ​​രെ​​യും ഞെ​​ട്ടി​​ച്ച് രോ​​ഹി​​ത് ശ​​ര്‍​മ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ല്‍​നി​​ന്നു​​ള്ള വി​​ര​​മി​​ക്ക​​ല്‍ പ്ര​​ഖ്യാ​​പി​​ച്ചു. മേ​​യ് 12ന് വിരാട് ​​കോ​​ഹ്‌​ലി​​യും റെ​​ഡ് ബോ​​ള്‍ ക്രി​​ക്ക​​റ്റി​​നോ​​ടു വി​​ട​​പ​​റ​​ഞ്ഞു. ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​ര്‍ ശ​​രി​​ക്കും ഞ​​ടു​​ങ്ങി​​യ നി​​മി​​ഷം.

ഐ​​പി​​എ​​ല്ലി​​നി​​ടെ ഇം​​ഗ്ല​​ണ്ട് പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ഇ​​ന്ത്യ​​ന്‍ ടീ​​മി​​നെ ബി​​സി​​സി​​ഐ പ്ര​​ഖ്യാ​​പി​​ച്ചു; 25കാ​​ര​​ന്‍ ശു​​ഭ്മാ​​ന്‍ ഗി​​ല്‍ ക്യാ​​പ്റ്റ​​ന്‍, 27കാ​​ര​​നാ​​യ ഋ​​ഷ​​ഭ് പ​​ന്ത് വൈ​​സ് ക്യാ​​പ്റ്റ​​ന്‍. സൂ​​പ്പ​​ര്‍ പേ​​സ​​റാ​​യ ജ​​സ്പ്രീ​​ത് ബും​​റ ജോ​​ലി​​ഭാ​​രം കു​​റ​​യ്ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി അ​​ഞ്ച് ടെ​​സ്റ്റ് പ​​ര​​മ്പ​​ര​​യി​​ല്‍ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ മാ​​ത്ര​​മേ ക​​ളി​​ക്കൂ എ​​ന്നും ബി​​സി​​സി​​ഐ അ​​റി​​യി​​ച്ചു. ഇ​​ന്ത്യ​​യു​​ടെ യു​​വ​​ടീം ഇം​​ഗ്ല​​ണ്ടി​​ന്‍റെ ബാ​​സ് ക്രി​​ക്ക​​റ്റി​​നെ എ​​ങ്ങ​​നെ നേ​​രി​​ടു​​മെ​​ന്ന ആ​​ശ​​ങ്ക ഐ​​പി​​എ​​ല്ലി​​നി​​ടെ​​യും ഉ​​യ​​ര്‍​ന്നു.

യം​​ഗാ​​ണ്; പ​​ക്ഷേ വെ​​ടി​​പൊ​​ട്ടി​​ക്ക​​ണം

ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ആ​​ന്‍​ഡേ​​ഴ്‌​​സ​​ണ്‍-​​തെ​​ണ്ടു​​ല്‍​ക്ക​​ര്‍ ട്രോ​​ഫി പ​​ര​​മ്പ​​ര​​യ്ക്കു മു​​മ്പ് ഇ​​ന്ത്യ​​ന്‍ ടീം ​​മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​നാ​​യ ഗൗ​​തം ഗം​​ഭീ​​ര്‍ പ​​റ​​ഞ്ഞ​​ത് ഇ​​ത്ര​​മാ​​ത്രം; യു​​വാ​​ക്ക​​ളാ​​ണ് നി​​ങ്ങ​​ള്‍. പ​​ക്ഷേ, സ്‌​​ഫോ​​ട​​നം ന​​ട​​ത്താ​​നു​​ള്ള ടീ​​മാ​​യി​​മാ​​റ​​ണം. ഒ​​രു ഗ​​ണ്‍ ടീ​​മാ​​ക​​ണം.

അ​​തെ, ആ​​ശാ​​ന്‍റെ നി​​ര്‍​ദേ​​ശം ശി​​ര​​സാ​​വ​​ഹി​​ച്ച് യു​​വ ഇ​​ന്ത്യ​​ന്‍ ടീം ​​ഇം​​ഗ്ല​​ണ്ടി​​ല്‍ 2-2 സ​​മ​​നി​​ല​​യു​​മാ​​യി ത​​ല​​യു​​യ​​ര്‍​ത്തി മ​​ട​​ങ്ങി. ഇ​​ത്ത​​ര​​മൊ​​രു ഇ​​ഞ്ചോ​​ടി​​ഞ്ച് പ​​ര​​മ്പ​​ര ക​​ടു​​ത്ത ഇ​​ന്ത്യ​​ന്‍ ആ​​രാ​​ധ​​ക​​ര്‍ പോ​​ലും പ്ര​​തീ​​ക്ഷി​​ച്ചി​​രി​​ക്കി​​ല്ല. കാ​​ര​​ണം, ടെ​​സ്റ്റി​​ല്‍ അ​​ത്ര​​മി​​ക​​ച്ച ട്രാ​​ക്ക് റി​​ക്കാ​​ര്‍​ഡി​​ല്ലാ​​തി​​രു​​ന്ന ശു​​ഭ്മാ​​ന്‍ ഗി​​ല്‍ യു​​വ​​നി​​ര​​യു​​മാ​​യി ഇം​​ഗ്ല​​ണ്ടി​​ല്‍ എ​​ന്തു ചെ​​യ്യും എ​​ന്ന​​താ​​യി​​രു​​ന്നു പ്ര​​ധാ​​ന ചോ​​ദ്യം. ടീ​​മി​​ലെ എ​​ട്ട് ക​​ളി​​ക്കാ​​ര്‍​ക്കു മാ​​ത്ര​​മാ​​യി​​രു​​ന്നു മു​​മ്പ് ഇം​​ഗ്ല​​ണ്ടി​​ല്‍ ക​​ളി​​ച്ച പ​​രി​​ച​​യം​​പോ​​ലും ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്.

ഇം​​ഗ്ല​​ണ്ടി​​ലെ സാ​​ഹ​​ച​​ര്യം, മ​​ത്സ​​ര​​ത്തി​​ന്‍റെ സ​​മ്മ​​ര്‍​ദം ഇ​​തെ​​ല്ലാം എ​​ങ്ങ​​നെ യു​​വ​​നി​​ര​​യ്ക്കു താ​​ങ്ങാ​​നാ​​വും എ​​ന്നും ആ​​ശ​​ങ്ക​​യു​​യ​​ര്‍​ന്നു. ജ​​സ്പ്രീ​​ത് ബും​​റ മൂ​​ന്നു മ​​ത്സ​​ര​​ത്തി​​ല്‍ മാ​​ത്ര​​മേ ക​​ളി​​ക്കു​​ക​​യു​​ള്ളൂ എ​​ന്ന​​തി​​നാ​​ല്‍ ബൗ​​ളിം​​ഗ് യൂ​​ണി​​റ്റി​​ന്‍റെ ക​​രു​​ത്തി​​ലും സം​​ശ​​യ​​മു​​ണ്ടാ​​യി.

എ​​ന്നാ​​ല്‍, 25 ദി​​വ​​സ​​ത്തെ പോ​​രാ​​ട്ട​​ദി​​ന​​ങ്ങ​​ള്‍​ക്കു​​ശേ​​ഷം ആ​​ശ​​ങ്ക​​ക​​ള്‍​ക്കു മ​​റു​​പ​​ടി​​യാ​​യി 2-2 സ​​മ​​നി​​ല. അ​​താ​​ണെ​​ങ്കി​​ല്‍, ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രേ ഹോം ​​സീ​​രീ​​സി​​ലും ഓ​​സ്‌​​ട്രേ​​ലി​​യ​​യ്‌​​ക്കെ​​തി​​രാ​​യ എ​​വേ പ​​ര​​മ്പ​​ര​​യി​​ലും തോ​​ല്‍​വി വ​​ഴ​​ങ്ങി​​യ​​ശേ​​ഷ​​മാ​​ണെ​​ന്ന​​താ​​ണ് ഹൈ​​ലൈ​​റ്റ്. ഇ​​ന്ത്യ​​ന്‍ യു​​വ​​നി​​ര വെ​​ടി​​യു​​തി​​ര്‍​ത്ത​​പ്പോ​​ള്‍ ഇം​​ഗ്ലീ​​ഷ് പോ​​രാ​​ളി​​ക​​ള്‍ ഞെട്ടി.

“പ​​ര​​മ്പ​​ര​​യു​​ടെ തു​​ട​​ക്ക​​ത്തി​​ല്‍ ഗൗ​​തി ഭാ​​യ് (ഗൗ​​തം ഗം​​ഭീ​​ര്‍) പ​​റ​​ഞ്ഞു: അ​​തെ, ന​​മ്മ​​ള്‍ യു​​വ ടീ​​മാ​​ണ്. പ​​ക്ഷേ, ന​​മ്മ​​ളെ യു​​വ ടീ​​മാ​​യി കാ​​ണാ​​ന്‍ അ​​നു​​വ​​ദി​​ക്ക​​രു​​ത്, ഒ​​രു ഗ​​ണ്‍ ടീ​​മാ​​യി കാ​​ണ​​പ്പെ​​ട​​ണം. ഞ​​ങ്ങ​​ള്‍ ഗ​​ണ്‍ ടീ​​മാ​​ണെ​​ന്ന് കാ​​ണി​​ച്ചു. സി​​റാ​​ജി​​നെ പോ​​ലു​​ള്ള ഗ​​ണ്‍ പ്ലെയേ​​ഴ്‌​​സ് ഈ ​​ടീ​​മി​​ലു​​ണ്ട്. അ​​താ​​ണ് ഈ ​​ടീ​​മി​​ന്‍റെ സ​​വി​​ശേ​​ഷ​​ത’’ - പ​​ര​​മ്പ​​ര നേ​​ട്ട​​ത്തി​​നു​​ശേ​​ഷം ശു​​ഭ്മാ​​ന്‍ ഗി​​ല്‍ പ​​റ​​ഞ്ഞു.

മു​​ന്നി​​ല്‍​ നി​​ന്ന ക്യാ​​പ്റ്റ​​ന്‍

എ​​ക്കാ​​ല​​വും ഓ​​ര്‍​മി​​ക്ക​​ത്ത​​ക്ക​​താ​​യ പ​​ര​​മ്പ​​ര​​യാ​​ണ് ടീം ​​ഇ​​ന്ത്യ ഇം​​ഗ്ലീ​​ഷ് മ​​ണ്ണി​​ല്‍ കാ​​ഴ്ച​​വ​​ച്ച​​ത്. ലീ​​ഡ്‌​​സി​​ല്‍ അ​​ഞ്ച് വി​​ക്ക​​റ്റ് തോ​​ല്‍​വി​​യോ​​ടെ​​യാ​​ണ് പ​​ര​​മ്പ​​ര തു​​ട​​ങ്ങി​​യ​​തെ​​ങ്കി​​ലും ബി​​ര്‍​മിം​​ഗ്ഹാ​​മി​​ലെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ല്‍ 336 റ​​ണ്‍​സി​​ന്‍റെ പ​​ടു​​കൂ​​റ്റ​​ന്‍ ജ​​യം. ലോ​​ഡ്‌​​സി​​ല്‍ മി​​ന്നും പോ​​രാ​​ട്ട​​ത്തി​​നു​​ശേ​​ഷം 22 റ​​ണ്‍​സി​​നു തോ​​റ്റു. നാ​​ലാം ടെ​​സ്റ്റി​​ല്‍ ഇം​​ഗ്ല​​ണ്ടി​​നെ ഞെ​​ട്ടി​​ച്ച സ​​മ​​നി​​ല, അ​​ഞ്ചാം ടെ​​സ്റ്റി​​ല്‍ ഇം​​ഗ്ലീ​​ഷ് പ​​ട​​യെ ആ​​റ് റ​​ണ്‍​സി​​നു വീ​​ഴ്ത്തി പ​​ര​​മ്പ​​ര 2-2ല്‍ ​​എ​​ത്തി​​ച്ചു.

ക്യാ​​പ്റ്റ​​ന്‍ എ​​ന്ന​​നി​​ല​​യി​​ല്‍ ശു​​ഭ്മാ​​ന്‍ ഗി​​ല്ലി​​ന്‍റെ ആ​​ദ്യ പ​​ര​​മ്പ​​ര​​യാ​​യി​​രു​​ന്നു. ഒ​​രു ഡ​​ബി​​ള്‍ സെ​​ഞ്ചു​​റി അ​​ട​​ക്കം നാ​​ല് സെ​​ഞ്ചു​​റി​​യു​​ള്‍​പ്പെ​​ടെ 754 റ​​ണ്‍​സാ​​ണ് ഗി​​ല്‍ നേ​​ടി​​യ​​ത്. പ​​ര​​മ്പ​​ര​​യു​​ടെ ടോ​​പ് സ്‌​​കോ​​റ​​ര്‍. ഇ​​ന്ത്യ​​ന്‍ ടീ​​മി​​നെ മു​​ന്നി​​ല്‍​നി​​ന്നു ന​​യി​​ച്ച ക്യാ​​പ്റ്റ​​ന്‍. ടെ​​സ്റ്റ് ച​​രി​​ത്ര​​ത്തി​​ല്‍ ഒ​​രു ക്യാ​​പ്റ്റ​​ന്‍റെ എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച ര​​ണ്ടാ​​മ​​ത്തെ ബാ​​റ്റിം​​ഗ് പ്ര​​ക​​ട​​ന​​മാ​​ണി​​ത്.


സാ​​ക്ഷാ​​ല്‍ ഡോ​​ണ്‍ ബ്രാ​​ഡ്മാ​​നു​​മാ​​ത്രം (810 റ​​ണ്‍​സ്) പി​​ന്നി​​ല്‍. പ​​ര​​മ്പ​​ര​​യി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ബാ​​റ്റ​​ര്‍ ആ​​യി​​രി​​ക്ക​​ണ​​മെ​​ന്ന ദൃ​​ഢ​​നി​​ശ്ച​​യ​​ത്തോ​​ടെ​​യാ​​യി​​രു​​ന്നു ഇം​​ഗ്ല​​ണ്ടി​​ല്‍ എ​​ത്തി​​യ​​തെ​​ന്നാ​​ണ് ഗി​​ല്ലി​​ന്‍റെ തു​​റ​​ന്നുപ​​റ​​ച്ചി​​ല്‍. ശ​​രി​​ക്കും ഇ​​ച്ഛാ​​ശ​​ക്തി​​യും ല​​ക്ഷ്യ​​വു​​മു​​ള്ള താ​​ര​​വും ക്യാ​​പ്റ്റ​​നും...

ഒ​​രു ടെ​​സ്റ്റ് പ​​ര​​മ്പ​​ര​​യി​​ല്‍ നാ​​ല് സെ​​ഞ്ചു​​റി​​യു​​ള്ള ആ​​ദ്യ ഇ​​ന്ത്യ​​ന്‍ ക്യാ​​പ്റ്റ​​നാ​​ണ് ഗി​​ല്‍. 25 വ​​ര്‍​ഷ​​വും 330 ദി​​ന​​വും പ്രാ​​യ​​മു​​ള്ള ഗി​​ല്‍, പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​സീ​​രീ​​സു​​മാ​​യി. ക്യാ​​പ്റ്റ​​ന്‍​സി അ​​ര​​ങ്ങേ​​റ്റ​​ത്തി​​ല്‍ പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​സീ​​രീ​​സാ​​കു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ നാ​​ലാ​​മ​​നാ​​ണ് ഗി​​ല്‍.

അ​​ഞ്ചാം ടെ​​സ്റ്റി​​ന്‍റെ അ​​ഞ്ചാം​​ദി​​നം മു​​ഹ​​മ്മ​​ദ് സി​​റാ​​ജു​​മാ​​യും പ്ര​​സി​​ദ്ധ് കൃ​​ഷ്ണ​​യു​​മാ​​യും നി​​ര​​ന്ത​​രം സം​​സാ​​രി​​ക്കു​​ന്ന ക്യാ​​പ്റ്റ​​ന്‍ ഗി​​ല്ലി​​നെ​​യാ​​ണ് ഓ​​വ​​ലി​​ല്‍ ക​​ണ്ട​​ത്. മ​​ത്സ​​രം വ​​രു​​തി​​ക്കു​​ള്ളി​​ലാ​​ക്കാ​​ന്‍, ഫീ​​ല്‍​ഡ​​ര്‍​മാ​​രെ ബൗ​​ണ്ട​​റി​​യി​​ലേ​​ക്ക് ഇ​​റ​​ക്കി​​നി​​ര്‍​ത്തി സി​​റാ​​ജി​​നെ​​യും പ്ര​​സി​​ദ്ധി​​നെ​​യും​​കൊ​​ണ്ട് സ്റ്റം​​പ് ആ​​ക്ര​​മി​​പ്പി​​ച്ച​​തു​​മെ​​ല്ലാം ക്യാ​​പ്റ്റ​​ന്‍റെ വീ​​ക്ഷ​​ണ​​വും ഭാ​​വ​​ന​​യും വെ​​ളി​​പ്പെ​​ടു​​ത്തി. ഏ​​ക​​ദി​​ന ക്യാ​​പ്റ്റ​​ന്‍​സി​​യും വൈ​​കാ​​തെ ഗി​​ല്ലി​​ന്‍റെ ത​​ല​​യി​​ല്‍ വ​​ന്നു​​ചേ​​രു​​മെ​​ന്നു​​റ​​പ്പ്...

വി​​ശ്വ​​സി​​ക്കൂ, ല​​ഭി​​ക്കും

വി​​ശ്വ​​സി​​ക്കൂ, എ​​ല്ലാം ല​​ഭി​​ക്കു​​മെ​​ന്ന​​തി​​ന്‍റെ ഉ​​ത്ത​​മോ​​ദാ​​ഹ​​ര​​ണ​​മാ​​ണ് മു​​ഹ​​മ്മ​​ദ് സി​​റാ​​ജ് എ​​ന്ന അ​​ണ്ട​​ര്‍​റേ​​റ്റ​​ഡ് പേ​​സ​​ര്‍. ജ​​സ്പ്രീ​​ത് ബും​​റ​​യു​​ടെ നി​​ഴ​​ലാ​​യി കൂ​​ടെ​​നി​​ല്‍​ക്കു​​ക​​യാ​​യി​​രു​​ന്ന സി​​റാ​​ജ്, ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ അ​​ഞ്ച് പ​​ര​​മ്പ​​ര​​യി​​ല്‍ ഒ​​മ്പ​​ത് ഇ​​ന്നിം​​ഗ്‌​​സി​​ലാ​​യി എ​​റി​​ഞ്ഞ​​ത് 1113 പ​​ന്ത് (185.3 ഓ​​വ​​ര്‍). ര​​ണ്ട് അ​​ഞ്ചും ഒ​​രു നാ​​ലും അ​​ട​​ക്കം വീ​​ഴ്ത്തി​​യ​​ത് 23 വി​​ക്ക​​റ്റ്. വ​​ഴ​​ങ്ങി​​യ​​ത് 746 റ​​ണ്‍​സ്, 26 മെ​​യ്ഡ​​ന്‍ ഓ​​വ​​ര്‍.

മൂ​​ന്നു മ​​ത്സ​​ര​​ത്തി​​ലെ ആ​​റ് ഇ​​ന്നിം​​ഗ്‌​​സി​​ല്‍​നി​​ന്ന് 14 വി​​ക്ക​​റ്റു​​മാ​​യി പ്ര​​സി​​ദ്ധ് കൃ​​ഷ്ണ​​യും സി​​റാ​​ജി​​നു പി​​ന്തു​​ണ ന​​ല്‍​കി. മൂ​​ന്നു ടെ​​സ്റ്റ് ക​​ളി​​ച്ച ജ​​സ്പ്രീ​​ത് ബും​​റ​​യും 14 വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യി​​രു​​ന്നു.

ഓ​​പ്പ​​ണ​​ര്‍​മാ​​രാ​​യ കെ.​​എ​​ല്‍. രാ​​ഹു​​ലും (532 റ​​ണ്‍​സ്) യ​​ശ​​സ്വി ജ​​യ്‌​​സ്വാ​​ളും (411) മി​​ക​​വു പു​​ല​​ര്‍​ത്തി​​യ പ​​ര​​മ്പ​​ര. ഒ​​രു സെ​​ഞ്ചു​​റി​​യും അ​​ഞ്ച് അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യു​​മ​​ട​​ക്കം ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യും (516 റ​​ണ്‍​സ്) ഒ​​രു സെ​​ഞ്ചു​​റി​​യും ഒ​​രു അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യു​​മാ​​യി വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​റും (284 റ​​ണ്‍​സ്) ബാ​​റ്റു​​കൊ​​ണ്ട് ക​​ഥ​​പ​​റ​​ഞ്ഞു.

ര​​ണ്ട് സെ​​ഞ്ചു​​റി​​യും മൂ​​ന്ന് അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യു​​മു​​ള്‍​പ്പെ​​ടെ ഋ​​ഷ​​ഭ് പ​​ന്ത് നേ​​ടി​​യ​​ത് 479 റ​​ണ്‍​സ്. ഈ ​​യു​​വ സം​​ഘ​​ത്തെ വി​​ശ്വ​​സി​​ക്കൂ, 2025-27 ലോ​​ക ടെ​​സ്റ്റ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ ഇ​​വ​​ര്‍ അ​​ദ്ഭു​​ത​​ങ്ങ​​ള്‍ കാ​​ണി​​ക്കും...

ഇ​​ന്ത്യ​​ന്‍ ടീം ​​പ്രോ​​ഗ്ര​​സ്‌​​കാ​​ര്‍​ഡ്

താ​​രം, മ​​ത്സ​​രം, ഇ​​ന്നിം​​ഗ്‌​​സ്, റ​​ണ്‍​സ്, ഉ​​യ​​ര്‍​ന്ന സ്‌​​കോ​​ര്‍, 100/50

ശു​​ഭ്മാ​​ന്‍ ഗി​​ല്‍ 5 10 754 269 4/0
കെ.​​എ​​ല്‍. രാ​​ഹു​​ല്‍ 5 10 532 137 2/2
ര​​വീ​​ന്ദ്ര ജ​​ഡേ​​ജ 5 10 516 107* 1/5
ഋ​​ഷ​​ഭ് പ​​ന്ത് 4 7 479 134 2/3
യ​​ശ​​സ്വി ജ​​യ്‌​​സ്വാ​​ള്‍ 5 10 411 118 2/2
വാ​​ഷിം​​ഗ്ട​​ണ്‍ സുന്ദർ 4 8 284 101* 1/1
ക​​രു​​ണ്‍ നാ​​യ​​ര്‍ 4 8 205 57 0/1
സാ​​യ് സു​​ദ​​ര്‍​ശ​​ന്‍ 3 6 164 56 0/1
ആ​​കാ​​ശ് ദീ​​പ് 3 5 80 66 0/1
ധ്രു​​വ് ജു​​റെ​​ല്‍ 1 2 53 34 0/0

താ​​രം, മ​​ത്സ​​രം, എ​​റി​​ഞ്ഞ പ​​ന്ത്, വി​​ക്ക​​റ്റ്, മി​​ക​​ച്ച പ്ര​​ക​​ട​​നം, 4/5

മു​​ഹ​​മ്മ​​ദ് സി​​റാ​​ജ് 5 1113 23 6/70 1/2
ജ​​സ്പ്രീ​​ത് ബും​​റ 3 718 14 5/74 0/2
പ്ര​​സി​​ദ്ധ് കൃ​​ഷ്ണ 3 630 14 4/62 2/0
ആ​​കാ​​ശ് ദീ​​പ് 3 655 13 6/99 1/1
വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ര്‍ 4 445 7 4/22 1/0
ര​​വീ​​ന്ദ്ര ജ​​ഡേ​​ജ 5 853 7 4/143 1/0

ലോ​​ക ടെ​​സ്റ്റ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ്

ടീം, ​​മ​​ത്സ​​രം, ജ​​യം, തോ​​ല്‍​വി, സ​​മ​​നി​​ല, പോ​​യി​​ന്‍റ് ശ​​ത​​മാ​​നം

ഓ​​സ്‌​​ട്രേ​​ലി​​യ 3 3 0 0 100
ശ്രീ​​ല​​ങ്ക 2 1 0 1 66.67
ഇ​​ന്ത്യ 5 2 2 1 46.67
ഇം​​ഗ്ല​​ണ്ട് 5 2 2 1 43.33
ബം​​ഗ്ലാ​​ദേ​​ശ് 2 0 1 1 16.67