ട്രംപിന്റെ ഭീഷണി; ""ഇന്ത്യക്കുള്ള തീരുവ 24 മണിക്കൂറിനുള്ളിൽ ഉയർത്തും''
Wednesday, August 6, 2025 2:05 AM IST
ന്യൂയോർക്ക്: ഇന്ത്യക്കുള്ള ഇറക്കുമതി തീരുവ 24 മണിക്കൂറിനുള്ളിൽ ഗണ്യമായി ഉയർത്തിയേക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
റഷ്യൻ എണ്ണ വാങ്ങുന്നതാണ് ട്രംപിന്റെ പ്രകോപനത്തിനു കാരണം. ഇന്ത്യ നല്ല വ്യാപാര പങ്കാളിയല്ലെന്നു സിഎൻബിസിക്ക് അനുവദിച്ച അഭിമുഖത്തിൽ ട്രംപ് കുറ്റപ്പെടുത്തി.
""ഏറ്റവും അധികം തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യ നല്ല വ്യാപാര പങ്കാളിയല്ല. ഞങ്ങളുമായി ഇന്ത്യക്ക് നല്ല വ്യാപാരമുണ്ട്. എന്നാൽ, ഞങ്ങൾക്ക് ഇന്ത്യയുമായി അധികം വ്യാപാരമില്ല. അതിനാലാണ് 25 ശതമാനം തീരുവ ഏർപ്പെടുത്തിയത്. അത് 24 മണിക്കൂറിനുള്ളിൽ ഗണ്യമായി വർധിപ്പിക്കാൻ പോകുകയാണ്. റഷ്യയുടെ എണ്ണം ഇന്ത്യ വാങ്ങുന്നതാണു കാരണം.’’-ട്രംപ് പറഞ്ഞു.
റഷ്യയിൽനിന്ന് ഇന്ധനം വാങ്ങി ഇന്ത്യ വൻ ലാഭത്തിനു വിൽക്കുകയാണെന്ന് കഴിഞ്ഞദിവസം ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യ, റഷ്യ രാജ്യങ്ങളുടേത് നിർജീവ സന്പദ്ഘടനയാണെന്നായിരുന്നു ഏതാനും ദിവസം മുന്പ് ട്രംപ് വിശേഷിപ്പിച്ചത്.
ഡോണൾഡ് ട്രംപിന്റെ നിലപാടിനെതിരേ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. അമേരിക്കയ്ക്കും യൂറോപ്യൻ യൂണിയനും ഇരട്ടത്താപ്പ് ആണെന്നും റഷ്യയുമായി ഇരു കൂട്ടരും വ്യാപാരബന്ധം തുടരുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.