റഷ്യയിൽനിന്ന് എണ്ണ വാങ്ങിയാൽ തീരുവ കൂട്ടുമെന്ന് ട്രംപിന്റെ ഭീഷണി
Tuesday, August 5, 2025 2:48 AM IST
ന്യൂയോർക്ക്: റഷ്യയിൽനിന്ന് എണ്ണ വാങ്ങിയാൽ ഇന്ത്യക്കുള്ള തീരുവ കൂട്ടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി.
ഇന്ത്യ റഷ്യയിൽനിന്നു വൻതോതിൽ എണ്ണ വാങ്ങി പൊതുവിപണിയിൽ വൻ ലാഭത്തിനു വിൽക്കുകയാണെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ ആരോപിച്ചു.
റഷ്യൻ യുദ്ധത്തിൽ യുക്രെയ്നിൽ ആളുകൾ കൊല്ലപ്പെടുന്നതിൽ ഇന്ത്യക്ക് ഉത്കണ്ഠയില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇന്ത്യയുടെയും റഷ്യയുടെയും ഉറ്റ സൗഹൃദത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ച് കഴിഞ്ഞയാഴ്ച ട്രംപ് രംഗത്തെത്തിയിരുന്നു.
ഇന്ത്യയുടെയും റഷ്യയുടെയും നിർജീവ സന്പദ്ഘടനകളെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് 25 ശതമാനം തീരുവയാണ് അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ച ഇതു പ്രാബല്യത്തിലാകും.
“റഷ്യൻ എണ്ണ വാങ്ങുന്നതിലൂടെ യുക്രെയ്ൻ യുദ്ധത്തിന് ഇന്ത്യ സഹായം ചെയ്യുന്നു”
ന്യൂയോർക്ക്: ഇന്ത്യയെ വിമർശിച്ച് വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ. അമേരിക്കയുടെ അടുത്ത സുഹൃത്തുക്കളിലൊരാളെന്ന് ഭാവിക്കുന്പോൾത്തന്നെ രാജ്യത്തിനു മേൽ ഭീമമായ തീരുവകൾ ചുമത്തുകയും ഇമിഗ്രേഷൻ നയങ്ങളിൽ വഞ്ചന കാട്ടുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം ആരോപിച്ചു.
റഷ്യൻ എണ്ണ വാങ്ങുന്നതിലൂടെ യുക്രെയ്ൻ യുദ്ധത്തിനു സാന്പത്തിക സഹായം ചെയ്യുന്നതും ഇന്ത്യ തന്നെ. ഇത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമായി ട്രംപ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.