ഓവലിൽ ഇന്ത്യൻ വിജയഗാഥ
Tuesday, August 5, 2025 2:43 AM IST
ലണ്ടൻ: ഓവലില്‍ ആറ് റണ്‍സിന്റെ ചരിത്രവിജയവുമായി ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിനെതിരേയുള്ള അഞ്ചുമത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പര 2-2 സമനിലയില്‍ അവസാനിപ്പിച്ചു.
നാലാംദിനം സെഞ്ചുറികളുമായി ഇംഗ്ലണ്ടിന്റെ ജോ റൂട്ടും ഹാരിബ്രൂക്കും നടത്തിയ പ്രത്യാക്രമണത്തില്‍ കൈവിട്ടുപോയെന്നു കരുതിയ മത്സരം അവസാനദിനം മുഹമ്മദ് സിറാജിന്റെയും പ്രസിദ്ധ് കൃഷ്ണയുടെയും മൂളിപ്പറന്ന പന്തുകളുടെ പിന്നാലെ ഇന്ത്യൻ ക്യാന്പിലേക്കു തിരിച്ചെത്തുകയായിരുന്നു.
ബ്രൂക്കും റൂട്ടും കീഴടങ്ങിയതോടെ നാലാം ദിനം ഇന്ത്യ വിജയം പ്രതീക്ഷിച്ചുവെങ്കിലും വെളിച്ചക്കുറവ് മൂലം മത്സരം മുടങ്ങി.
അവസാനദിവസം 35 റണ്‍സ് നേടി പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ട് തുടങ്ങിയത്. പ്രസിദ്ധ് കൃഷ്ണയുടെ ആദ്യ രണ്ടു പന്തുകളും ബൗണ്ടറി കടത്തി ജാമി ഓവര്ട്ടണ് ഇന്ത്യയെ ഞെട്ടിച്ചു. തൊട്ടടുത്ത ഓവറില്‍ ജാമിയെ സിറാജ് വിക്കറ്റിനു മുന്നില്‍ കുടുക്കി.
പിന്നാലെ ജാമി സ്മിത്തിനെ ജുറൈലിന്റെ കൈകളിലെത്തിച്ച് സിറാജ് മാജിക്. ഏറെ ക്ഷമയോടെ 11 പന്തുകള്‍ പ്രതിരോധിച്ച ജോഷ് ടംഗിനെ പ്രസിദ്ധ് കൃഷ്ണ മടക്കിയപ്പോഴേക്കും ഇന്ത്യക്കും വിജയത്തിനും ഇടയില്‍ ഗസ് ആറ്റ്കിന്സണ് അവതരിച്ചു.
തോളിനു പരിക്കേറ്റ ക്രിസ് വോക്സിനെ ഒരറ്റത്ത് നിര്‍ത്തി ആറ്റ്കിന്സണ് ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചു. ഇരുപക്ഷത്തേക്കും മാറിമറിഞ്ഞ മത്സരം സ്വന്തമാക്കാന്‍ ഒടുവില്‍ സിറാജിന്റെ വജ്രായുധം. കൂറ്റനടിക്കുശ്രമിച്ച ആറ്റ്കിന്സണിനു പിഴച്ചു. ക്ലീൻ ബോൾഡ്.
ആൻഡേഴ്സൺ-തെണ്ടുൽക്കർ ട്രോഫിക്കുവേണ്ടിയുള്ള അഞ്ചു മത്സരങ്ങളുള്ള പരന്പര പരാജയത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. ലീഡ്സിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിനു വിജയിച്ചു. ബിര്‍മിംഗ്ഹാമിലെ രണ്ടാംടെസ്റ്റില്‍ 336 റണ്‍സിന്റെ പടുകൂറ്റന്‍ വിജയവുമായി ഇന്ത്യയുടെ മറുപടി.
ലോഡ്സില്‍ നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 22 റണ്‍സിന്റെ വിജയം സ്വന്തമാക്കി. മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞതോടെ പരമ്പര സമനിലയിലെത്തിക്കാന്‍ ഓവലില്‍ അനിവാര്യമായ വിജയം ഇന്ത്യൻ യുവനിര സ്വന്തമാക്കുകയായിരുന്നു.