കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി 76 പേർ മരിച്ചു
Monday, August 4, 2025 11:38 PM IST
സനാ: ആഫ്രിക്കയിൽനിന്നു ഗൾഫ് രാജ്യങ്ങളിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ചവരുടെ ബോട്ട് യെമൻ തീരത്തു മുങ്ങി 76 പേർ മരിച്ചു.
157 പേരാണു ബോട്ടിലുണ്ടായിരുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര കുടിയേറ്റകാര്യ ഏജൻസി (ഐഒഎം) അറിയിച്ചു. ഇതിൽ ഭൂരിഭാഗവും എത്യോപ്യക്കാരാണ്.
ഹോൺ ഓഫ് ആഫ്രിക്കയിൽനിന്നു പുറപ്പെട്ടെന്നു കരുതുന്ന ബോട്ട് തെക്കൻ യെമനിലെ അഭ്യാൻ പ്രവിശ്യയ്ക്കു സമീപം ഏഡൻ ഉൾക്കടലിലാണു മുങ്ങിയത്. അപകടസ്ഥലത്ത് വിപുലമായ തെരച്ചിൽ ആരംഭിച്ചതായി യെമനിലെ സുരക്ഷാവൃത്തങ്ങൾ പറഞ്ഞു. 32 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. 76 മൃതദേഹങ്ങൾ വീണ്ടെടുത്തു.
ദരിദ്ര ആഫ്രിക്കൻ രാജ്യക്കാർ സന്പന്ന അറബ് രാജ്യങ്ങളിലേക്കു ജോലി തേടി പോകുന്ന അപകടം നിറഞ്ഞ പാതയിലാണു ദുരന്തം സംഭവിച്ചിരിക്കുന്നത്. ആഫ്രിക്കയിൽനിന്നു ബോട്ടുവഴി യെമനിലെത്തി തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ അനധികൃതമായി പ്രവേശിക്കുന്നതാണ് ഇവരുടെ രീതി. മനുഷ്യക്കടത്ത് സംഘങ്ങൾ ഈ പതയിൽ സജീവമാണ്.
മാർച്ചിൽ യെമൻ തീരത്ത് രണ്ടു ബോട്ടുകൾ മുങ്ങി 180 കുടിയേറ്റക്കാർ മരിച്ചിരുന്നു. അതേസമയം, അപകടങ്ങൾ വർധിക്കുന്പോഴും കുടിയേറ്റക്കാരുടെ എണ്ണം കുറയുന്നില്ല. കഴിഞ്ഞവർഷം മാത്രം 60,000 കുടിയേറ്റക്കാർ യെമനിലെത്തിയിരുന്നു.