ഹെയ്തിയിലെ അനാഥാലയത്തിൽനിന്ന് ഐറിഷ് മിഷനറിയടക്കം ഒന്‍പതുപേരെ തട്ടിക്കൊണ്ടുപോയി
Tuesday, August 5, 2025 2:48 AM IST
പോർട്ട് ഒ പ്രിൻസ്: ഹെയ്തിയിലെ അനാഥാലയത്തിൽനിന്ന് അയർലൻഡിൽനിന്നുള്ള മിഷനറിയെയും മൂന്നു വയസുള്ള കുട്ടിയടക്കം എട്ട് അന്തേവാസികളെയും തട്ടിക്കൊണ്ടുപോയി.
ഹെയ്തി തലസ്ഥാനമായ പോർട്ട് ഒ പ്രിൻസിലെ കെൻസ്കോഫിലുള്ള സെന്റ് ഹെലേന അനാഥാലയത്തിന്റെ ഡയറക്ടർ അയർലൻഡ് സ്വദേശിനി ജെന ഹെരാത്തിയുൾപ്പെടെയുള്ളവരെയാണു ഞായറാഴ്ച പുലർച്ചെ ആയുധധാരികളായ സംഘം തട്ടിക്കൊണ്ടുപോയത്.
1993 മുതൽ ഹെയ്തിയിൽ മിഷൻപ്രവർത്തനം നടത്തിവരികയാണു ജെന ഹെരാത്തി. അയർലൻഡിലെ ലിസ്കാർണെയിൽ ജനിച്ച അവർക്കു ജീവകാരുണ്യപ്രവർത്തനത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഗുണ്ടാ ആക്രമണങ്ങൾ വർധിക്കുകയും സ്വന്തം സുരക്ഷയ്ക്ക് ഭീഷണികൾ ഉണ്ടാകുകയും ചെയ്തിട്ടും ജീവിതാവസാനം വരെ താൻ ഹെയ്തിയിലെ പാവങ്ങൾക്കൊപ്പമായിരിക്കുമെന്ന നിലപാടിലായിരുന്നു ഹെരാത്തി.