ഉത്തരകാശിയിൽ മിന്നൽ പ്രളയം; എഴുപതിലധികം പേരെ കാണാതായി
Wednesday, August 6, 2025 1:57 AM IST
ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ നാലു പേർ മരിച്ചു. എഴുപതിലധികം പേരെ കാണാതായി. 130 പേരെ രക്ഷപ്പെടുത്തി. മരണസംഖ്യ ഉയരുമെന്നാണു റിപ്പോർട്ട്. ഇന്നലെ ഉച്ചയ്ക്ക് 1.45ന് ധരാലി ഗ്രാമത്തിലായിരുന്നു ദുരന്തമുണ്ടായത്.
നിരവധി ഹോട്ടലുകളും റസ്റ്ററന്റുകളും ഹോം സ്റ്റേകളുമുള്ള ഗ്രാമമാണു ധരാലി. മിന്നൽപ്രളയത്തിൽ അന്പതോളം കെട്ടിടങ്ങൾ തകർന്നു. ഹോംസ്റ്റേകളും അനവധി വീടുകളും ഒലിച്ചുപോയി. പ്രകൃതിഭംഗിയേറിയ പ്രദേശം നിമിഷങ്ങൾക്കുള്ളിൽ മണ്ണും ചെളിയും നിറഞ്ഞ നിലയിലായി . ഗംഗോത്രി തീർഥാടന കേന്ദ്രത്തിലേക്കുള്ള പാതയിലെ പ്രധാന ഇടത്താവളമാണ് ധരാലി. ഇവിടത്തെ മാർക്കറ്റിന്റെ ഒരു ഭാഗം ഒലിച്ചുപോയി.
മണ്ണിടിച്ചിലിൽ 11 സൈനികരെ കാണാതായതായി റിപ്പോർട്ടുണ്ട്. എഴുപതോളം പേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയെന്നാണു റിപ്പോർട്ട്. കരസേനയിലെ പത്തു സൈനികരെയും ഒരു ജൂണിയർ കമ്മീഷൻഡ് ഓഫീസറെയുമാണു കാണാതായത്. രക്ഷാപ്രവർത്തനത്തിനിടയിലാണു സൈനികർ പ്രളയത്തിൽപ്പെട്ടതെന്ന് റിപ്പോർട്ടുണ്ട്.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദുരന്തമുണ്ടായ ഉടൻ ഹർസിലിൽനിന്നു കരസേനാംഗങ്ങളും ഐടിബിപി അംഗങ്ങളും പ്രദേശത്തെത്തി. മോശം കാലാവസ്ഥമൂലം മറ്റു പ്രദേശങ്ങളിൽനിന്നു രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിഞ്ഞിട്ടില്ല. ഹെലികോപ്റ്ററുകൾക്കു ദുരന്തമേഖലയിലെത്താനായിട്ടില്ല.
ജനങ്ങൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. മിന്നൽപ്രളയത്തെത്തുടർന്ന് സമീപഗ്രാമങ്ങളിലെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. ധരാലിക്കു സമീപം സുഖിയിലും മേഘവിസ്ഫോടനമുണ്ടായി. ഈ പ്രദേശം ജനവാസമേഖലയല്ലാത്തതിനാൽ ആളപായമില്ലെന്നാണു പ്രാഥമിക റിപ്പോർട്ട്.
സുഖി പ്രധാനമായും വനമേഖലയാണ്. ഖീർ ഗംഗാ നദിയുടെ ക്യാച്ച്മെന്റ് മേഖലയിലാണു മേഘവിസ്ഫോടനമുണ്ടായത്. തുടർന്ന് ഒരേ മലയുടെ ഇരു ഭാഗത്തേക്കുമായി മിന്നൽപ്രളയമുണ്ടായി. ധരാലി അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.