ഒഡീഷയിൽ അക്രമികൾ തീകൊളുത്തിയ പെൺകുട്ടി മരിച്ചു
Monday, August 4, 2025 2:47 AM IST
ഭുവനേശ്വർ: ഒഡീഷയിലെ പുരി ജില്ലയിൽ അക്രമികൾ തീകൊളുത്തിയ പതിനഞ്ചുകാരി മരിച്ചു. ഡൽഹി എയിംസിൽ ചികിൽസയിലിരിക്കവേയാണ് പെൺകുട്ടി മരണത്തിനു കീഴടങ്ങിയതെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു. ജൂലൈ 19ന് ഭാർഗവി നദിക്കരയിൽ വച്ചാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന മൂന്ന് അക്രമികൾ ചേർന്ന് തീകൊളുത്തിയത്. സുഹൃത്തിനെ സന്ദർശിച്ച് മടങ്ങിവരികയായിരുന്നു പെൺകുട്ടി.
70 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ പിപ്ലി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഭുവനേശ്വർ എയിംസിലേക്കും അവിടെനിന്ന് ഡൽഹി എയിംസിലേക്കും മാറ്റുകയായിരുന്നു. സ്കിൻ ഗ്രാഫ്റ്റിംഗും രണ്ട് ശസ്ത്രക്രിയകളും ഇവിടെവച്ച് നടത്തി. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ, ഒഡീഷ പോലീസ് വെള്ളിയാഴ്ച പെൺകുട്ടിയുടെ മൊഴിയെടുക്കുകയും ചെയ്തു.
മൂന്ന് പേർ ചേർന്നാണ് തന്റെ മേൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതെന്ന് രക്ഷിക്കാനെത്തിയ ഗ്രാമീണനോട് പെൺകുട്ടി പറഞ്ഞതായുള്ള സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് 15 ദിവസം നീണ്ട അന്വേഷണം നടത്തിയിരുന്നു.
എന്നാൽ, മറ്റൊരൊളുടെ ഇടപെടൽ സംഭവത്തിലില്ലെന്നാണു പോലീസിന്റെ കണ്ടെത്തൽ. സംഭവം വലിയതോതിൽ ജനരോഷം ഉണ്ടാക്കിയ സാഹചര്യത്തിൽ പെൺകുട്ടിയുടെ വീടിന് സമീപവും ബളംഗ പട്ടണത്തിൽ സുരക്ഷ ശക്തമാക്കി. ഭുവനേശ്വറിലും മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലുള്ള റോഡുകളിലും കനത്ത കാവലുണ്ട്.