പ്രജ്വൽ രേവണ്ണ പരപ്പന ജയിലിൽ; ആദ്യദിനം കണ്ണീർമഴ
Monday, August 4, 2025 2:47 AM IST
ബംഗളൂരു: ലൈംഗികപീഡനക്കേസിൽ ജീവപര്യന്തം തടവുശിക്ഷ വിധിക്കപ്പെട്ട കർണാടകയിലെ മുൻ ജനതാദൾ എംപി പ്രജ്വൽ രേവണ്ണയുടെ ജയിലിലെ ആദ്യദിനം കണ്ണീരിലായിരുന്നുവെന്ന് ജയിൽ അധികൃതർ. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ 15528 നന്പർ തടവുകാരനാണ് പ്രജ്വൽ. കടുത്ത സമ്മർദത്തിലാണു ജയിലിലെത്തിയതു മുതൽ പ്രജ്വൽ എന്നും അധികൃതർ പറഞ്ഞു.
വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത് പീഡനദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ ബംഗളൂരുവിലെ പ്രത്യേക കോടതി ശനിയാഴ്ചയാണു പ്രജ്വലിനെതിരേയുള്ള ശിക്ഷ പ്രഖ്യാപിച്ചത്. തുടർന്ന് രാത്രിതന്നെ ജയിലിലെത്തിക്കുകയായിരുന്നു. ശിക്ഷാവിധി ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചുമകനായ പ്രജ്വൽ പറഞ്ഞതായി ജയിൽജീവനക്കാർ വെളിപ്പെടുത്തി.