അമിത ലഗേജ് ചോദ്യംചെയ്തു; വിമാനക്കന്പനി ജീവനക്കാരെ തല്ലിച്ചതച്ച് സൈനികൻ
Monday, August 4, 2025 3:38 AM IST
ന്യൂഡൽഹി: അമിത ലഗേജിനു ഫീസ് ചോദിച്ചതിന് മുതിർന്ന സൈനിക ഉദ്യോഗസ്ഥന് വിമാനക്കമ്പനി ജീവനക്കാരെ തല്ലിച്ചതച്ചു. കഴിഞ്ഞമാസം 26നു ശ്രീനഗർ വിമാനത്താവളത്തിൽവച്ചാണ് കരസേന ഓഫീസറായ യാത്രക്കാരൻ നാല് സ്പൈസ് ജെറ്റ് ജീവനക്കാരെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. തലയ്ക്കും നട്ടെല്ലിനുംവരെ പരിക്കേറ്റവർ ഇതിലുണ്ട്. ഒരാൾ ബോധരഹിതനായി നിലത്തുവീണിട്ടും മർദനം തുടർന്നു. രണ്ടുപേരുടെ പരിക്കുകൾ ഗുരുതരമാണെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
അനുവദിക്കപ്പെട്ട ആറ് കിലോയുടെ ഹാൻഡ് ലഗേജിനു പകരം സൈനികന്റെ കൈവശം 16 കിലോ വരുന്ന ബാഗേജുകൾ ഉണ്ടായിരുന്നു. അധികനിരക്ക് ഒടുക്കണമെന്ന് പറഞ്ഞതോടെ പ്രകോപിതനായ സൈനിക ഉദ്യോഗസ്ഥൻ കൈയില്‍ കിട്ടിയ പരസ്യ ബോര്‍ഡ് എടുത്ത് ജീവനക്കാരെ ആക്രമിക്കുകയായിരുന്നു.
വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയാണു സൈനികനെ പിടിച്ചുമാറ്റിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.