സ്കൂൾ ഉച്ചഭക്ഷണത്തിൽ നായ തലയിട്ടു; കുട്ടികൾക്കു കൂട്ടത്തോടെ പേ വിഷബാധ കുത്തിവയ്പ് !
Monday, August 4, 2025 2:47 AM IST
ബലോദബസാർ: ഛത്തീസ്ഗഡിൽ തെരുവുനായ കഴിച്ചതിന്റെ ബാക്കി ഭക്ഷണം സ്കൂൾ കുട്ടികൾക്കു വിളമ്പി. മാതാപിതാക്കൾ പരാതിപ്പെട്ടതോടെ 78 കുട്ടികൾക്ക് പേ വിഷബാധയ്ക്കെതിരായ കുത്തിവയ്പ് നൽകി. കഴിഞ്ഞ മാസം 29ന് ബലോദബസാർ ജില്ലയിലെ പലാരി ലച്ചൻപുരിലെ യുപി സ്കൂളിലായിരുന്നു സംഭവം.
സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി പാകംചെയ്തുവച്ചിരുന്ന പച്ചക്കറിയിൽ തെരുവുനായ തലയിടുകയായിരുന്നു. സംഭവം കണ്ട കുട്ടികൾ വിവരം അധ്യാപകരെ അറിയിച്ചു. അധ്യാപകർ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും സ്കൂളിൽ ഭക്ഷണം നൽകുന്ന സന്നദ്ധസംഘടന ഇത് ചെവിക്കൊണ്ടില്ല. കുട്ടികൾക്ക് ഈ ഭക്ഷണം വിളമ്പുകയും ചെയ്തു. 84 കുട്ടികളാണ് സ്കൂളിൽനിന്ന് ഈ ഭക്ഷണം കഴിച്ചത്. എന്നാൽ, കുട്ടികൾ വീടുകളിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞതോടെ സംഭവം വിവാദമായി. മാതാപിതാക്കൾ സ്കൂൾ അധികൃതരോട് പരാതിപ്പെടുകയും കുട്ടികളെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
78 കുട്ടികൾക്കു മുൻകരുതൽ എന്ന നിലയിൽ ആന്റി റാബിസ് വാക്സിൻ നൽകി. സംഭവത്തിൽ സബ് കളക്ടറും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറും സ്കൂളിലെത്തി അന്വേഷണം നടത്തി. കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തി. ആര് ആവശ്യപ്പെട്ടിട്ടാണ് പേ വിഷബാധയ്ക്കുള്ള കുത്തിവയ്പ് കുട്ടികൾക്ക് എടുത്തതെന്ന് എംഎൽഎ സന്ദീപ് സാഹു ചോദിച്ചു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്കു കത്തെഴുതി.