മുസ്ലിം പ്രധാനാധ്യാപകനെ സ്ഥലംമാറ്റാൻ സ്കൂൾ കിണറ്റിൽ വിഷം കലക്കി;
ശ്രീരാമ സേന നേതാവ് അറസ്റ്റിൽ
Monday, August 4, 2025 2:47 AM IST
ബംഗളൂരു: മുസ്ലിമായ പ്രധാനാധ്യാപകനെ സ്ഥലം മാറ്റാൻ സ്കൂളിലെ കിണറ്റിൽ വിഷംകലർത്തിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മതവിദ്വേഷവും മൗലികവാദവും ചേർന്നുണ്ടായ ഹീനമായ പ്രവൃത്തിയാണിതെന്ന് സിദ്ധരാമയ്യ പറഞ്ഞു. ബലഗാവി ജില്ലയിലെ സവഡട്ടി താലൂക്കിൽ ഹുളികട്ടിയിലെ സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകൻ മുസ്ലിമാണ്.
അദ്ദേഹത്തെ സ്ഥലം മാറ്റുക എന്ന ഉദ്ദേശ്യത്തോടെ, സ്കൂൾ കുട്ടികളുടെ കുടിവെള്ളത്തിൽ വിഷം കലർത്തിയതിന് ശ്രീരാമ സേനയുടെ താലൂക്ക് പ്രസിഡന്റ് സാഗർ പാട്ടീൽ ഉൾപ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്.
വിഷം കലർന്ന വെള്ളം കുടിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. എന്നാൽ ആർക്കും ജീവഹാനിയുണ്ടായിട്ടില്ല. ഈ സംഭവം സാമുദായിക ഐക്യത്തിന് ഗുരുതരമായ ഭീഷണിയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.
മത മൗലികവാദവും വർഗീയ വിദ്വേഷവും ഹീനമായ പ്രവൃത്തികൾക്കു കാരണമാകുമെന്നും ഈ സംഭവം അതിനുള്ള തെളിവാണെന്നും കർണാടക മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തിന്റെ പേരിൽ വിദ്വേഷം പ്രചരിപ്പിക്കുന്നവർ ആത്മപരിശോധനനടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.