ഒടുവിൽ ആശ്വാസം, സന്തോഷം
Sunday, August 3, 2025 2:26 AM IST
ദുർഗ്: സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ സഹോദരൻ ജോസഫ് മാത്യു ദുർഗ് ജയിലിന്റെ കവാടവും കടന്ന് ഇന്നലെ രാവിലെ 11ഓടെ അകത്തേക്കു വന്നപ്പോൾ മുഖത്ത് ചെറിയൊരു പുഞ്ചിരിയുണ്ടായിരുന്നു.
ജാമ്യാപേക്ഷയിലുള്ള വിധി അനുകൂലമാകുമെന്ന പ്രതീക്ഷയായിരുന്നു ആ പുഞ്ചിരിക്കു കാരണം. രാവിലെതന്നെ സിസ്റ്റർമാരെ സന്ദർശിച്ചു ഡൽഹിയിൽനിന്നെത്തിയ ഇടത് എംപിമാർ ജോസഫിനെ അകലെനിന്നു കണ്ടപ്പോൾത്തന്നെ അടുത്തേക്കോടിയെത്തി.
ജോൺ ബ്രിട്ടാസും ജോസ് കെ. മാണിയും സന്തോഷ് കുമാറും ആശ്വാസവാക്കുകൾ കൈമാറി, സുഖവിവരങ്ങൾ തിരക്കി. എന്നാൽ 11 കഴിഞ്ഞിട്ടും വിധിപ്രസ്താവം നീണ്ടതോടെ ജോസഫിന്റെ പുഞ്ചിരി മാറുകയും ആശങ്ക പ്രകടമാകുകയും ചെയ്തു. 11.40 ആയിട്ടും ബിലാസ്പുരിലെ കോടതിവിധിയുടെ വാർത്ത ദുർഗിലെത്താതായതോടെ ആശങ്ക വർധിച്ചു.
ആശ്വാസത്തിന്റെ സദ്വാർത്ത
സിസ്റ്റർമാർക്കു ജാമ്യം അനുവദിച്ചുകൊണ്ടുള്ള ബിലാസ്പുരിലെ എൻഐഎ കോടതിയിൽനിന്നുള്ള വിധിയുടെ വിവരം ഏതോ ഒരു മാധ്യമപ്രവർത്തകനാണ് ദുർഗ് ജയിൽ സമുച്ചയത്തിലേക്ക് ആദ്യമെത്തിച്ചത്.
കന്യാസ്ത്രീമാർക്ക് അനുകൂലമായ വിധി ആദ്യം കേട്ടപ്പോൾ സിസ്റ്റർ പ്രീതി മേരിയുടെ സഹോദരൻ ബൈജു മാളിയേക്കൽ റോജി എം. ജോൺ എംഎൽഎയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ചു. ജോൺ ബ്രിട്ടാസും ജോസ് കെ. മാണിയും സന്തോഷ് കുമാറും ജോസഫിനെ ചേർത്തുപിടിച്ചുകൊണ്ട് മാധ്യമങ്ങൾക്ക് പ്രതികരണം നൽകി. അനൂപ് ആന്റണിയും ഷോൺ ജോർജും സംസ്ഥാന ബിജെപിയുടെ ഇടപെടലുകളെക്കുറിച്ച് മാധ്യമങ്ങളോടു വിവരിച്ചു.
വിഷയത്തിന്റെ പ്രാധാന്യം മനസിലാക്കി ഛത്തീസ്ഗഡ് കോൺഗ്രസിൽനിന്നുള്ള പ്രമുഖ നേതാക്കളും ജയിൽ സമുച്ചയത്തിൽ എത്തിച്ചേർന്നിരുന്നു. കേന്ദ്രസർക്കാരിന്റെ ഇടപെടലിൽ വരെ കലാശിച്ചു ദേശീയശ്രദ്ധയാകർഷിച്ച വിഷയം ജനങ്ങളിലേക്കെത്തിക്കാൻ ഛത്തീസ്ഗഡിൽനിന്നുള്ള മാധ്യമപ്രവർത്തകരും മലയാളി മാധ്യമപ്രവർത്തകരോടൊപ്പം മത്സരിച്ചു. അവർക്കു പ്രതികരണം നൽകാൻ ഇടതിൽനിന്നു പ്രധാന ചുമതലയേറ്റെടുത്തത് സന്തോഷ് കുമാറാണെങ്കിൽ കോൺഗ്രസിൽനിന്ന് ചാണ്ടി ഉമ്മനും ഹിന്ദി പറഞ്ഞ് ചുറ്റുമുള്ളവരെ ഞെട്ടിച്ചു.
രംഗം അല്പം ശാന്തമായതിനു ശേഷമായിരുന്നു ഇടത് എംപിമാരുടെ അടുത്ത നീക്കം. കരുതിവച്ചിരുന്ന മധുര പലഹാരങ്ങളുമായി നേരേ പോയത് ജയിലിനുമുന്നിൽ കാവൽ നിന്നിരുന്ന പോലീസുകാരുടെ അടുത്തേക്ക്.
അവർക്ക് മധുരം നൽകിയതിനുശേഷം മാധ്യമപ്രവർത്തകർക്കും പിന്നെ കോൺഗ്രസുകാർക്കും നൽകി. ബിജെപിക്കാർക്കു നൽകുന്നില്ലേയെന്ന ചോദ്യം വന്നപ്പോൾ അവരെ ഇവിടെ കാണുന്നില്ല എന്നായിരുന്നു ബ്രിട്ടാസിന്റെ മറുപടി. ശുഭവാർത്ത എത്തിയെങ്കിലും എപ്പോൾ കന്യാസ്ത്രീമാർ പുറത്തിറങ്ങുമെന്നായി അടുത്ത ചോദ്യം.
കന്യാസ്ത്രീമാർ ജയിൽമോചിതരാകാൻ ഉച്ചകഴിഞ്ഞ് മൂന്നു കഴിയുമെന്ന വാർത്ത പരന്നതോടെ നേതാക്കളും മാധ്യമപ്രവർത്തകരും തിരിച്ചെത്തുമെന്ന ഉറപ്പു നൽകി പതുക്കെ പിൻവാങ്ങി. അതിനിടെ സംഘർഷസാധ്യത കണക്കിലെടുത്ത് ജയിൽ കവാടത്തിനുമുന്നിൽ ബാരിക്കേഡുകൾ തീർക്കുന്ന തിരക്കിലായിരുന്നു ഛത്തീസ്ഗഡ് പോലീസ്.

സന്തോഷത്തിന്റെ പുഞ്ചിരി
ജാമ്യ ഉത്തരവ് കൈയിലേന്തിയ സിസ്റ്റർമാരെയും വാഹനത്തിലിരുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരും ബിജെപി നേതാക്കളുമാണ് ഉച്ചകഴിഞ്ഞു 3.30 ഓടെ ആദ്യം ജയിലിലേക്കെത്തിയത്.
മാധ്യമങ്ങളോടു പ്രതികരിക്കാതെ സെൻട്രൽ ജയിലിനു തൊട്ടപ്പുറമുള്ള വനിതാ ജയിലിലേക്ക് അവർ നേരേ പോയി. തൊട്ടുപിന്നാലെ യുഡിഎഫ് നേതാക്കളും എൽഡിഎഫ് നേതാക്കളും ബാരിക്കേഡുകൾ കടന്ന് ജയിലിനു മുന്നിലേക്കെത്തി.
ജയിലിനു പുറത്ത് അഞ്ചു മിനിറ്റിന്റെ കാത്തിരിപ്പിനുശേഷം സിസ്റ്റർമാർ പുറത്തേക്കെത്തി. ഇതോടെ സ്നേഹാന്വേഷണങ്ങളുമായി സിസ്റ്റർമാർക്കരികിലേക്ക് വൈദികരും മറ്റു കന്യാസ്ത്രീമാരും നേതാക്കളും ഓടിയെത്തി.
ഇതിനിടെ ജയിലിൽ ഒത്തുചേർന്ന ബജ്രംഗ്ദൾ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർത്തുന്നുണ്ടായിരുന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് കനത്ത കാവലേർപ്പെടുത്തിയ പോലീസിന് ഛത്തീസ്ഗഡിലെയും കേരളത്തിലെയും മാധ്യമപ്രവർത്തകരുടെ ഉന്തിനും തള്ളിനും ശമനമുണ്ടാക്കുവാൻ പെട്ടെന്നു സാധിച്ചില്ല.
എങ്കിലും കന്യാസ്ത്രീകളെ സുരക്ഷിതമായി വാഹനത്തിൽ കയറ്റി അവരയച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽനിന്നും രക്ഷിച്ചു നേരേ ജയിലിനു തൊട്ടടുത്തുള്ള വിശ്വദീപ് സീനിയർ സെക്കൻഡറി സ്കൂളിനോടു ചേർന്ന കന്യാസ്ത്രീ മഠത്തിലേക്കാണ് അവർ പോയത്.
കന്യസ്ത്രീകളെയും വഹിച്ചുള്ള വാഹനം മഠത്തിന്റെ കവാടം കടന്ന ഉടൻതന്നെ രാഷ്ട്രീയ നേതാക്കൾ പിന്നാലെയെത്തി. അവിടെ അവർ കന്യാസ്ത്രീമാരെ ഹാരമണിയിച്ചും വാക്കുകൾ കൈമാറിയും പൂർണപിന്തുണ അറിയിച്ചു.
പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഭരണഘടന ഉയർത്തി ഇനിയും പോരാടേണ്ടതുണ്ടെന്നും ഓർമിപ്പിച്ചു. കേരളം കൂടെയുണ്ടെന്ന് ഓർമിപ്പിച്ചായിരുന്നു കേരളത്തിലെ നേതാക്കൾ ദുർഗിനോടു വിട പറഞ്ഞത്.