പ്രജ്വൽ രേവണ്ണയ്ക്കു ജീവപര്യന്തം
Sunday, August 3, 2025 2:26 AM IST
ബംഗളൂരു: മുൻ വീട്ടുജോലിക്കാരിയെ പലതവണ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന കേസിൽ കർണാടകയിൽനിന്നുള്ള മുൻ ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണയ്ക്കു ജീവപര്യന്തം തടവുശിക്ഷ.
48 കാരിയായ വീട്ടുജോലിക്കാരു നൽകിയ പരാതിയുമായി ബന്ധപ്പെട്ടുള്ള കേസിൽ പ്രജ്വൽ കുറ്റക്കാരനാണെന്ന് ജനപ്രതിനിധികൾക്കുള്ള ബംഗളൂരുവിലെ പ്രത്യേകകോടതി വെള്ളിയാഴ്ച വിധിച്ചിരുന്നു.
പ്രതി മൊത്തം 11.50 ലക്ഷംരൂപ പിഴയടയ്ക്കണമെന്നും ഇതിൽ 11.25 ലക്ഷംരൂപ പരാതിക്കാരിക്കു നൽകണമെന്നും ശനിയാഴ്ച പുറപ്പെടുവിച്ച ശിക്ഷാവിധിയിൽ ജഡ്ജി സന്തോഷ് ഗജാനൻ ഭട്ട് നിർദേശിച്ചിട്ടുണ്ട്.
പ്രജ്വൽ രേവണ്ണയുടെ ശിഷ്ടജീവിതം ജയിലിലായിരിക്കുമെന്ന് വിധിന്യായം വ്യക്തമാക്കുന്നതായി അഡീഷണൽ സ്പെഷൽ പ്രോസിക്യൂട്ടർ ബി.എൻ. ജഗദീഷ മാധ്യമങ്ങളോടു പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് 14 മാസത്തിനുള്ളിലാണു വിധി. പ്രജ്വലിനെതിരേയുള്ള നാലു പീഡനക്കേസുകളില്‍ ആദ്യത്തേതും.
നിരപരാധിയാണെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചുമകനും 34 കാരനുമായ പ്രജ്വൽ നിറകണ്ണുകളോടെ കോടതിയോട് അഭ്യർഥിച്ചു. എന്നാൽ, അതീവ ഗുരുതരമായ കുറ്റമാണെന്നായിരുന്നു വിധിന്യായത്തിൽ കോടതി വ്യക്തമാക്കിയത്.