ബംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിച്ചു; ഹോം സ്റ്റേ ഉടമ അറസ്റ്റിൽ
Monday, August 4, 2025 3:38 AM IST
ബംഗളൂരു: പേയിംഗ് ഗസ്റ്റായി താമസിച്ച മലയാളി കോളജ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ വീട്ടുടമയായ മലയാളി അറസ്റ്റില്‍. കോഴിക്കോട് സ്വദേശി അഷ്റഫിനെയാണു പോലീസ് അറസ്റ്റ് ചെയ്തത്. സോളദേവനഹള്ളിയിലെ സ്വകാര്യ കോളജിലെ ബിരുദ വിദ്യാർഥിനിയാണു ബലാത്സംഗത്തിനിരയായത്. വിദ്യാര്‍ഥിനി ചികിത്സയിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ച അര്‍ധരാത്രി അഷ്റഫ് ബലാത്സംഗം ചെയ്തതെന്നാണു വിദ്യാര്‍ഥിനിയുടെ പരാതി. സംഭവത്തിനു പിന്നാലെ വിദ്യാര്‍ഥിനി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.
പത്തുദിവസം മുന്‍പാണ് വിദ്യാര്‍ഥിനി പേയിംഗ് ഗസ്റ്റായി അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള ഹോം സ്റ്റേയില്‍ താമസിക്കാനെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച അര്‍ധരാത്രി 12.41ന് പിജിയിലെത്തിയ അഷ്റഫ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. താനുമായി സഹകരിച്ചാല്‍ മാത്രമേ ഭക്ഷണവും താമസവും നല്‍കാനാകൂവെന്നായിരുന്നു ഇയാളുടെ ഭീഷണി. എന്നാല്‍, ഇതിനു വിസമ്മതിച്ചതോടെ അഷ്റഫ് കൈകളില്‍ പിടിച്ച് ബലമായി വലിച്ചിഴച്ചു കൊണ്ടുപോയെന്നും തുടര്‍ന്ന് കാറില്‍ കയറ്റി മറ്റൊരു വീട്ടിലെത്തിച്ചു പീഡിപ്പിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി. ഇവിടെനിന്നു സുഹൃത്തിനെ വിവരമറിയിക്കാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ലെന്നും വിദ്യാര്‍ഥിനിയുടെ പരാതിയിലുണ്ട്. പിന്നീട്, രാത്രി 1.30 നും 2.15 നും ഇടയിൽ അഷ്റഫ് വീട്ടിൽ കൊണ്ടാക്കുകയായിരുന്നു.
ബംഗളൂരുവിലെ മറ്റൊരു ഹോം സ്റ്റേ ഉടമ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തതായി ആരോപിക്കപ്പെട്ട് ഒരു മാസത്തിനുശേഷമാണ് പുതിയ സംഭവം.