മുതിർന്ന പൗരന്മാർക്കുള്ള ട്രെയിൻ യാത്രാ ഇളവ് പുനഃസ്ഥാപിക്കുന്നതിൽ അവ്യക്തത
സനു സിറിയക്
Monday, August 4, 2025 3:55 AM IST
ന്യൂഡൽഹി: ട്രെയിൻ യാത്രയിൽ മുതിർന്ന പൗരന്മാർക്കു ലഭിച്ചിരുന്ന ഇളവ് നിർത്തലാക്കിയത് പുനഃപരിശോധിക്കുമോയെന്ന കാര്യത്തിൽ വ്യക്തത വരുത്താതെ റെയിൽവേ മന്ത്രാലയം.
2023-24ൽ ട്രെയിൻ യാത്രകൾക്ക് 60466 കോടി രൂപയുടെ സബ്സിഡി നൽകിയതായും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും താങ്ങാനാകുന്ന തരത്തിൽ യാത്രാനിരക്കുകൾ ക്രമീകരിക്കാൻ ശ്രമിക്കുന്നതായും കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് പാർലമെന്റിൽ പ്രസ്താവിച്ചു.
രാജ്യസഭയിൽ ജോണ് ബ്രിട്ടാസിന്റെ ചോദ്യത്തിനു മറുപടി നൽകവേയാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. എന്നാൽ കോവിഡ് കാലത്തു നിർത്തലാക്കിയ യാത്രാ ഇളവുകൾ പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ മന്ത്രി വ്യക്തത വരുത്തിയില്ല.
2020 മാർച്ചിലാണ് മുതിർന്ന പൗരന്മാർക്കുള്ള ടിക്കറ്റ് നിരക്കിൽ ലഭിച്ചിരുന്ന വിവിധ ഇളവുകൾ കേന്ദ്രസർക്കാർ നിർത്തലാക്കിയത്. കോവിഡ് കാലത്തെ അനാവശ്യ യാത്രകൾ ഒഴിവാക്കാനാണു നടപടിയെന്നായിരുന്നു വിശദീകരണം.
കോവിഡ് മഹാമാരി വിട്ടുമാറി അഞ്ചു വർഷം പിന്നിട്ടിട്ടും ഈ ഇളവുകൾ പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല. മുതിർന്ന പൗരന്മാർക്കു സ്ലീപ്പർ ക്ലാസുകളിലും തേർഡ് എസിയിലും നൽകിയിരുന്ന ഇളവുകൾ പുനഃസ്ഥാപിക്കണമെന്ന് റെയിൽവേയുടെ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി നിർദേശിച്ചെങ്കിലും തീരുമാനം വൈകുകയാണ്.
കഴിഞ്ഞ ഏപ്രിലിൽ വിവരാവകാശത്തിലൂടെ അറിയിച്ച കണക്കനുസരിച്ച് മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ നീക്കിയതിലൂടെ കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് ഏകദേശം 8913 കോടി രൂപയുടെ അധിക വരുമാനം റെയിൽവേയ്ക്കു ലഭിച്ചിട്ടുണ്ട്. 2020നുമുന്പ് 60 വയസിന് മുകളിലുള്ള പുരുഷന്മാർക്കും ഭിന്നലിംഗക്കാർക്കും 40 ശതമാനവും 58 വയസിനു മുകളിലുള്ള സ്ത്രീകൾക്ക് 50 ശതമാനവും ഇളവാണു ടിക്കറ്റ് നിരക്കിൽ ലഭിച്ചിരുന്നത്.