സിഐഎസ്എഫിൽ അംഗബലം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ
Tuesday, August 5, 2025 2:36 AM IST
ന്യൂഡൽഹി: അർധസൈനിക വിഭാഗമായ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ (സിഐഎസ്എഫ്) അംഗബലം 2,20,000 ആക്കി ഉയർത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. ഇതോടെ 30 ശതമാനം വർധനവ് സിഐഎസ്എഫിൽ ഉണ്ടാകും. 1 .62 ലക്ഷമാണു നിലവിലെ അംഗബലം. പുതിയ തീരുമാനം നടപ്പാകുന്നതോടെ 58,000ത്തോളം ഒഴിവുകൾ ഉണ്ടാകുമെന്നാണു കണക്കുകൂട്ടൽ.
ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കാൻ രാഷ്ട്രപതി അനുമതി നൽകിയതായി കഴിഞ്ഞ 22ന് ആഭ്യന്തരമന്ത്രാലയം സിഐഎസ്എഫ് ഡയറക്ടർ ജനറൽ ആർ.എസ്. ഭട്ടിയെ അറിയിച്ചു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഓരോ വർഷവും 14,000 ഉദ്യോഗസ്ഥരെ നിയമിക്കാനാണു നീക്കം.
ഛത്തീസ്ഗഡ് പോലുള്ള സംസ്ഥാനങ്ങളിൽ മാവോയിസ്റ്റ് ഭീഷണി ഇല്ലാതാകുന്നതു പുതിയ വ്യാവസായിക കേന്ദ്രങ്ങൾ ഉയർന്നുവരാൻ ഇടവരുത്തുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ. ഇതു മുൻനിർത്തിയാണ് സിഐഎസ്എഫിന്റെ അംഗബലം ഉയർത്താൻ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്.
മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളായിരുന്ന ദന്തേവാഡയിലെ നാഷണൽ മിനറൽ ഡെവലപ്മെന്റ് കോർപറേഷൻ (എൻഎംഡിസി), ഭിലായിലെ വിവിധ ഉരുക്ക്, ഇരുന്പയിര് പ്ലാന്റുകൾ അടക്കമുള്ള പ്രധാന സ്ഥാപനങ്ങളുടെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തിട്ടുണ്ട്.