സെൻട്രൽ വിസ്ത ‘കർത്തവ്യ ഭവൻ’ ഉദ്ഘാടനം നാളെ
Tuesday, August 5, 2025 2:36 AM IST
ന്യൂഡൽഹി: പുതിയ പാർലമെന്റും മറ്റു മന്ത്രാലയങ്ങളും ഉൾപ്പെടുന്ന സെൻട്രൽ വിസ്തയുടെ ഭാഗമായ "കർത്തവ്യ ഭവൻ' (സെൻട്രൽ സെക്രട്ടേറിയറ്റ് ബിൽഡിംഗ് 3) പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യും.
ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, പെട്രോളിയം മന്ത്രാലയം, പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവിന്റെ ഓഫീസ് തുടങ്ങിയവ ഉൾപ്പെടുന്ന ബ്ലോക്കാണിത്.
2019ലാണ് സെൻട്രൽ വിസ്തയുടെ നിർമാണം ആരംഭിച്ചത്. ഇന്ത്യാ ഗേറ്റ് മുതൽ വിജയ് ചൗക്ക് വരെയുള്ള പാത സെൻട്രൽ വിസ്തയുടെ ഭാഗമായി 2022ൽ പുനർവികസിപ്പിച്ചു. "രാജ്പഥ്' എന്നറിയപ്പെട്ടിരുന്ന ഇവിടം "കർത്തവ്യ പഥ്' എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്.
റിപ്പബ്ലിക്ദിന പരേഡ് അടക്കം ഈ പാതയിലാണു നടക്കുന്നത്. 2023ൽ പുതിയ പാർലമെന്റ് മന്ദിരം പ്രവർത്തനമാരംഭിച്ചിരുന്നു. 2024ൽ വൈസ് പ്രസിഡന്റ് എൻക്ലേവും സെൻട്രൽ വിസ്തയുടെ ഭാഗമായി പൂർത്തിയാക്കി.
2024ഓടെ നിർമാണം പൂർത്തിയാക്കാൻ പദ്ധതിയിട്ടെങ്കിലും സെൻട്രൽ വിസ്തയുടെ 88 ശതമാനത്തോളമാണ് ഇതുവരെ പൂർത്തിയായത്. വിവിധ മന്ത്രാലയങ്ങൾ ഉൾപ്പെടുന്ന മറ്റു ബ്ലോക്കുകളുടെ നിർമാണമാണ് ഇനി പൂർത്തിയാകാനുള്ളത്. 2026 ഒക്ടോബറോടെ നിർമാണം പൂർത്തിയാകുമെന്നാണു പ്രതീക്ഷ.
നൂതന വാസ്തുശില്പമാണു സെൻട്രൽ വിസ്തയുടേത്. ഊർജ സംരക്ഷണം മുൻനിർത്തിയാണ് എല്ലാ ബ്ലോക്കുകളുടെയും നിർമിതി. നാളെ ഉദ്ഘാടനം ചെയ്യുന്ന മന്ദിരം 30 ശതമാനത്തോളം ഊർജം കുറവ് ഉപയോഗിക്കുന്ന തരത്തിലാണു രൂപകല്പന ചെയ്തിരിക്കുന്നത്.
കെട്ടിടം തണുപ്പിക്കുന്നതിനും പുറത്തുനിന്നുള്ള ശബ്ദം കുറയ്ക്കുന്നതിനും പ്രത്യേകതരം ഗ്ലാസുകളാണ് ഉപയോഗിക്കുന്നത്. ആവശ്യമില്ലാത്ത ലൈറ്റുകൾ താനെ ഓഫാകുന്ന തരത്തിലുള്ള സെൻസറുകൾ, വൈദ്യുതി ലാഭിക്കുന്ന സ്മാർട്ട് ലിഫ്റ്റുകൾ തുടങ്ങിയവ ഈ കെട്ടിടത്തിന്റ പ്രത്യേകതയാണ്.
കൂടാതെ കെട്ടിടത്തിന്റെ മേൽക്കൂരയിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ പാനൽ ഉപയോഗിച്ചു പ്രതിവർഷം 5.34 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനും സാധിക്കും. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യവും കെട്ടിടത്തിലുണ്ട്.