ഷിബു സോറൻ ജാർഖണ്ഡിന്റെ സ്ഥാപകൻ
Tuesday, August 5, 2025 2:36 AM IST
ബിഹാർ വിഭജിച്ച് ജാർഖണ്ഡ് സംസ്ഥാനം രൂപവത്കരിക്കാൻ സുപ്രധാന പങ്കു വഹിച്ചയാളാണ് ആദിവാസി വിഭാഗക്കാരുടെ അനിഷേധ്യ നേതാവായ ഷിബു സോറൻ. സോറന്റെ നേതൃത്വത്തിൽ രൂപവത്കൃതമായ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) വൈകാതെ ദേശീയ ശ്രദ്ധ നേടി.
1944 ജനുവരി 11ന് ബിഹാറിലെ (ഇന്ന് ജാർഖണ്ഡിൽ) രാംഗഡ് ജില്ലയിലെ നേമ്റ ഗ്രാമത്തിലാണ് ഷിബു സോറൻ ജനിച്ചത്.
ദിശോം ഗുരു (ഭൂമിയുടെ നേതാവ്) എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ദുരിതപൂർണമായ ബാല്യകാലമായിരുന്നു ഷിബു സോറന്റേത്. ഇദ്ദേഹത്തിനു 13 വയസുള്ളപ്പോൾ പിതാവ് ഷോബരൻ സോറൻ കൊല്ലപ്പെട്ടു. പണമിടപാടുകാർ വനത്തിൽവച്ച് ഷോബരനെ കൊലപ്പെടുത്തുകയായിരുന്നു.
1962ൽ പതിനെട്ടാമത്തെ വയസിൽ സോറൻ തീവ്ര ഇടതുപക്ഷ നയം പിന്തുടരുന്ന സന്താൾ നവയുക്ത് സംഘം എന്ന പ്രസ്ഥാനം രൂപവത്കരിച്ചു. 1973ൽ ബംഗാളി മാർക്സിസ്റ്റ് ട്രേഡ് യൂണിയൻ നേതാവ് എ.കെ. റോയി, കുർമി-മഹാതോ നേതാവ് ബിനോദ് ബിഹാരി മഹാതോ എന്നിവർക്കൊപ്പം ഷിബു സോറൻ ജാർഖണ്ഡ് മുക്തി മോർച്ചയ്ക്കു രൂപം നല്കി. ധൻബാദിലെ ഗോൾഫ് ഗ്രൗണ്ടിലായിരുന്നു പുതിയ പാർട്ടിയുടെ പിറവി.
പ്രത്യേക ഗിരിവർഗ സംസ്ഥാനം വേണമെന്ന് ജെഎംഎം ആവശ്യമുന്നയിച്ചു. ഛോട്ടാനാഗ്പുർ, സന്താൾ പർഗാന മേഖലകളിൽ പാർട്ടിക്കു പിന്തുണയേറി. ഭൂപ്രഭുകൾക്കെതിരേയുള്ള നിലപാട് ഷിബു സോറനെ ആദിവാസികളുടെ അനിഷേധ്യ നേതാവാക്കി മാറ്റി. വർഷങ്ങൾ നീണ്ട പ്രക്ഷോഭത്തിനൊടുവിൽ 2000 നവംബർ 15ന് ജാർഖണ്ഡ് സംസ്ഥാനം നിലവിൽവന്നു.
സംസ്ഥാന രാഷ്ട്രീയത്തിൽ മാത്രം ഒതുങ്ങിയിരുന്ന നേതാവായിരുന്നില്ല ഷിബു സോറൻ. ദുംക മണ്ഡലത്തിൽനിന്ന് എട്ടു തവണയാണ് ഇദ്ദേഹം ലോക്സഭാംഗമായത്. 2020 ജൂൺ മുതൽ രാജ്യസഭാംഗമാണ്. ഡോ. മൻമോഹൻ സിംഗ് നേതൃത്വം നല്കിയ യുപിഎ സർക്കാരിൽ സോറൻ കൽക്കരി മന്ത്രിയായിരുന്നു. രണ്ടര വർഷത്തിനിടെ ഇദ്ദേഹം മൂന്നു തവണ മന്ത്രിയായി. പലവിധ കേസുകൾമൂലം അദ്ദേഹത്തിന് രാജിവയ്ക്കേണ്ടി വന്നതാണ് കാരണം.
1975ൽ 11 പേർ കൊല്ലപ്പെട്ട ചിരുദിഹ് കൂട്ടക്കൊല കേസിൽ 2004ൽ സോറനെതിരേ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. അറസ്റ്റിലായ സോറന് ജാമ്യം ലഭിച്ചതോടെ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തി. ഈ കേസിൽ 2008ൽ സോറൻ കുറ്റവിമുക്തനായി. അതേസമയം, പേഴ്സണൽ സെക്രട്ടറി ശശിനാഥ് ഝായെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ 2006 നവംബർ 28ന് ഷിബു സോറൻ ഉൾപ്പെടെയുള്ളവർ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി.
1993ൽ നരസിംഹറാവു സർക്കാരിനെതിരേ പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നപ്പോൾ ജെഎംഎം എംപിമാർ പിന്തുണ നല്കിയതിലെ വോട്ടുകച്ചവടം സംബന്ധിച്ച വിവരങ്ങൾ ശശിനാഥ് ഝായ്ക്ക് അറിയാമായിരുന്നു. ഷിബു സോറൻ ഉൾപ്പെടെ നാല് ജെഎംഎം എംപിമാരുടെ പിന്തുണയോടെയാണ് റാവു സർക്കാർ അവിശ്വാസപ്രമേയത്തെ അതിജീവിച്ചത്. ശശിനാഥ് ഝാ കൊല്ലപ്പെട്ട കേസിലും സോറൻ കുറ്റവിമുക്തനായി.
മൂന്നു തവണ മുഖ്യമന്ത്രിയായെങ്കിലും ഒരിക്കൽപ്പോലും അഞ്ചു വർഷം ഈ സ്ഥാനത്തിരിക്കാൻ സോറനു കഴിഞ്ഞില്ല. ആദ്യ ടേമിൽ പത്തു ദിവസമാണു മുഖ്യമന്ത്രിസ്ഥാനത്തിരുന്നത്. രണ്ടാം ടേമിൽ 145 ദിവസവും മൂന്നാമൂഴത്തിൽ 153 ദിവസവുമാണ് ഷിബു സോറൻ മുഖ്യമന്ത്രിയായിരുന്നത്. ജാർഖണ്ഡിലെ രാഷ്ട്രീയ അസ്ഥിരതയാണ് കാരണം.
2025 ഏപ്രിൽ വരെ 38 വർഷം ഷിബു സോറൻ ജെഎംഎം അധ്യക്ഷനായിരുന്നു. ഹേമന്ത് സോറനാണ് ഇപ്പോൾ ജെഎംഎം പ്രസിഡന്റ്. ഇന്ത്യാ മുന്നണിയുടെ ഭാഗമാണ് ജെഎംഎം.
രൂപി ആണ് ഷിബു സോറന്റെ ഭാര്യ. ദുർഗാ സോറൻ, ഹേമന്ത് സോറൻ, ബസന്ത് സോറൻ, അഞ്ജനി എന്നിവരാണു മക്കൾ. ദുർഗാ സോറൻ 2009 മേയിൽ അന്തരിച്ചു. ഇളയ മകൻ ബസന്ത് സോറൻ എംഎൽഎയാണ്. മകൾ അഞ്ജനി ജെഎംഎം ഒഡീഷ ഘടകം അധ്യക്ഷയാണ്.