പാർലമെന്റിൽ ബില്ലിനു "ഗില്ലറ്റിൻ’
Wednesday, August 6, 2025 1:57 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടികയെച്ചൊല്ലി സംയുക്ത പ്രതിപക്ഷം പ്രതിഷേധം തുടരുന്നതിനിടെ പാർലമെന്റിൽ ബില്ലുകൾ സർക്കാർ ഗില്ലറ്റിൻ ചെയ്തു പാസാക്കൽ തുടങ്ങി. ഗോവയിലെ പട്ടികവർഗ നിയമസഭാമണ്ഡലങ്ങളുടെ പ്രാതിനിധ്യ പുനഃക്രമീകരണ ബിൽ ലോക്സഭയിൽ ചർച്ച കൂടാതെ പാസാക്കി.
മണിപ്പുരിൽ രാഷ്ട്രപതിഭരണം നീട്ടാനുള്ള പ്രമേയം രാജ്യസഭയിലും ചർച്ചയില്ലാതെ ഇന്നലെ പാസാക്കി. പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തിനിടയിൽ സർക്കാർനടപടി മിനിറ്റുകൾകൊണ്ടു പൂർത്തിയാക്കി ഇരുസഭകളും പിരിഞ്ഞു.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തുന്ന വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി ലോക്സഭയിൽ പ്രതിഷേധം തുടർന്നത്.
ഇതോടൊപ്പം രാജ്യസഭയിൽ എംപിമാരെ തടയാൻ അർധസൈനിക വിഭാഗമായ സിഐഎസ്എഫിനെ നിയോഗിച്ചതിനെതിരേ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയർത്തി. പ്രതിപക്ഷപ്രതിഷേധം ശക്തമായതോടെ ലോക്സഭയും രാജ്യസഭയും രണ്ടുതവണ നിർത്തിവച്ചശേഷം ഇന്നു ചേരാനായി പിരിഞ്ഞു.
ലോക്സഭയിൽ പ്രതിപക്ഷ മുദ്രാവാക്യങ്ങൾ വകവയ്ക്കാതെ കുറച്ചുസമയം ചോദ്യോത്തരവേള നടത്തിയശേഷം ഉച്ചകഴിഞ്ഞ് രണ്ടുവരെ സഭാനടപടികൾ നിർത്തിവച്ചു. രണ്ടിനു ചേർന്നപ്പോഴും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ ചർച്ചയില്ലാതെ ഗോവ ബിൽ പാസാക്കി അഞ്ചു മിനിറ്റിനകം സഭ പിരിഞ്ഞതായി പ്രഖ്യാപിക്കുകയായിരുന്നു.
കേന്ദ്ര വ്യാവസായിക സുരക്ഷാസേനാ ഉദ്യോഗസ്ഥരെ രാജ്യസഭയ്ക്കുള്ളിൽ നിയോഗിച്ചതിനെച്ചൊല്ലി പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയും ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷും തമ്മിൽ ചൂടേറിയ വാഗ്വാദം നടന്നു.
സിഐഎസ്എഫിനെ സഭയ്ക്കുള്ളിൽ വിന്യസിച്ചിട്ടില്ലെന്ന് അധ്യക്ഷൻ അവകാശപ്പെട്ടു. പ്രതിപക്ഷത്തിന്റെ ജനാധിപത്യ അവകാശങ്ങൾ തടയാനുള്ള ശ്രമം അനുവദിക്കാനാകില്ലെന്നു ഖാർഗെ വ്യക്തമാക്കി.