ഛത്തീസ്ഗഡ് സംഭവം: പാർലമെന്റിൽ ധർണ
Wednesday, August 6, 2025 1:39 AM IST
ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ദുർഗിൽ കന്യാസ്ത്രീമാരുടെ പേരിൽ ചുമത്തിയിട്ടുള്ള കള്ളക്കേസുകൾ പിൻവലിക്കണമെന്നും കന്യാസ്ത്രീമാരെയും അവരോടൊപ്പമുണ്ടായിരുന്ന ആദിവാസി പെണ്‍കുട്ടികളെയും ആക്രമിച്ചവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി വദ്രയുടെ നേതൃത്വത്തിൽ കേരളത്തിൽനിന്നുള്ള യുഡിഎഫ് എംപിമാർ പാർലമെന്റിനുമുന്നിൽ ഇന്നലെയും പ്രതിഷേധിച്ചു.
കന്യാസ്ത്രീമാർക്കെതിരേയുള്ള തെറ്റായ എഫ്ഐആർ ഉടൻ റദ്ദാക്കണമെന്ന് ആന്റോ ആന്റണി, ബെന്നി ബെഹനാൻ, കെ. ഫ്രാൻസിസ് ജോർജ്, എം.കെ. രാഘവൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയ എംപിമാർ ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങളുന്നയിച്ച് പ്ലക്കാർഡുകളുമായെത്തി യുഡിഎഫ് എംപിമാർ നടത്തിയ ധർണയിൽ കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗങ്ങളായ കെ.സി. വേണുഗോപാൽ, ശശി തരൂർ, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്, എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ, രാജ്മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ, വി.കെ. ശ്രീകണ്ഠൻ, ഷാഫി പറന്പിൽ, ജെബി മേത്തർ തുടങ്ങിയ എംപിമാരും പങ്കെടുത്തു.
കന്യാസ്ത്രീമാർക്കെതിരേയുള്ള കള്ളക്കേസ് റദ്ദാക്കുന്നതുവരെ വിട്ടുവീഴ്ചയില്ലെന്ന് ജോസ് കെ. മാണി എംപി അറിയിച്ചു.
ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാരെയും ആദിവാസി യുവാവിനെയും മൂന്നു ആദിവാസി പെണ്‍കുട്ടികളെയും അപമാനിക്കുകയും പരസ്യമായി കൂട്ടവിചാരണ നടത്തി ഭീഷണിപ്പെടുത്തുകയും ചെയ്തവർക്കെതിരേ പരാതി നൽകുമെന്ന് പി. സന്തോഷ് കുമാർ എംപി അറിയിച്ചു. മർദനത്തിനും ഭീഷണിക്കും ഇരയായ പെണ്‍കുട്ടികൾക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും നൽകും.