ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി: വെള്ളിയാഴ്ച സുപ്രീംകോടതിയിൽ
Wednesday, August 6, 2025 1:39 AM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും. മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനാണു ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിയുടെ ബെഞ്ച് മുന്പാകെ ഹർജി പരിഗണിക്കുന്ന കാര്യം അഭ്യർഥിച്ചത്.
ഈമാസം എട്ടിന് ഹർജി ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്നുതന്നെ പരിഗണിക്കുമെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടയിലാണു സുപ്രീംകോടതിയിൽ ഹർജിയെത്തിയിരിക്കുന്നത്.
2019 ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്രസർക്കാർ ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്. പ്രത്യേക പദവി റദ്ദാക്കിയതു ശരിവച്ചുള്ള 2023ലെ സുപ്രീംകോടതി വിധിയിൽ സംസ്ഥാന പദവി വേഗത്തിൽ പുനഃസ്ഥാപിക്കണമെന്നു നിർദേശിച്ചിരുന്നു. എന്നാൽ, കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുകയായിരുന്നു.