വായ്പാതട്ടിപ്പ് കേസ്: അനിൽ അംബാനിയെ ഇഡി ചോദ്യംചെയ്തു
Wednesday, August 6, 2025 1:39 AM IST
ന്യൂഡൽഹി: 17,000 കോടി രൂപയുടെ വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി ഇഡിക്കു മുന്നിൽ ഹാജരായി. ഡൽഹി ഓഫീസിൽ ഇന്നലെ ഉച്ചയ്ക്ക് 11 മണിയോടെ എത്തിയ അനിൽ അംബാനിയുടെ മൊഴി രേഖപ്പെടുത്തിയതായി ഇഡി വൃത്തങ്ങൾ അറിയിച്ചു.
അനില്‍ അംബാനിയുമായി ബന്ധമുള്ള കമ്പനികളില്‍ ഇഡി പരിശോധന നടത്തി ഒട്ടേറെ രേഖകൾ കണ്ടെത്തിയിരുന്നു. തുടർന്ന് 66 കാരനായ വ്യവസായ പ്രമുഖന് സമൻസ് അയക്കുകകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി അനില്‍ അംബാനിയുടെ കമ്പനികള്‍ക്ക് അനുവദിച്ച വായ്പകളുടെ വിശദാംശങ്ങള്‍ തേടി ബാങ്കുകളെ ഇഡി സമീപിച്ചിട്ടുണ്ട്.
പ്രാഥമികാന്വേഷണത്തില്‍ യെസ് ബാങ്കില്‍ നിന്ന് 2017 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ഏകദേശം 3,000 കോടി രൂപയുടെ അനധികൃത വായ്പ വഴിമാറ്റിയതായി കണ്ടെത്തിയിരുന്നു. പിന്നീടുള്ള അന്വേഷണത്തില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് 14,000 കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയതായും കണ്ടെത്തി.